മത്സരത്തിൽ സ്വർണം നേടിയത് ഇറാനിൽ നിന്നുള്ള സദേഗ് ബെയ്ഗ് സയാഹ് ആയിരുന്നുവെങ്കിലും അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും ആരോപിച്ച് പുറത്താക്കിയെന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്
പാരിസ് പാരാലിംപിക്സിൽ കഴിഞ്ഞ ദിവസം നടന്ന ജാവലിൻ മത്സരത്തിൽ സ്വർണം നേടിയ ഇറാൻ താരത്തെ അയോഗ്യനാക്കിയ സംഭവം ഇന്ത്യയിൽ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. മത്സരത്തിൽ സ്വർണം നേടിയത് ഇറാനിൽ നിന്നുള്ള സദേഗ് ബെയ്ഗ് സയാഹ് ആയിരുന്നുവെങ്കിലും അച്ചടക്കലംഘനവും സ്വഭാവദൂഷ്യവും ആരോപിച്ച് പുറത്താക്കിയെന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. 47.64 മീറ്റർ ദൂരത്തേക്ക് ജാവലിൻ പറപ്പിച്ച സദേഗ് ബെയ്ഗ് സയാഹ് പുതിയ പാരാലിംപിക് റെക്കോർഡോടെയാണ് ഒന്നാമനായത്.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പതാക ഉയർത്തിക്കാണിച്ചതിൻ്റെ പേരിലാണ് സദേഗ് ബെയ്ഗ് അയോഗ്യത നേരിട്ടത്. അന്താരാഷ്ട്ര പാരാലിംപിക് കമ്മിറ്റിയുടെ നിയമങ്ങൾ പ്രകാരം ഏതെങ്കിലും മത്സരത്തിൻ്റെ വേദിയിൽ രാഷ്ട്രീയപരമായ ആംഗ്യങ്ങൾ കാണിക്കുന്നതിൽ നിന്ന് അത്ലറ്റുകളെ വിലക്കുന്നുണ്ട്. കൂടാതെ സ്പോർട്സ് മേഖലയിൽ അനുചിതമായ പെരുമാറ്റമായാണ് ഇറാൻ താരത്തിൻ്റെ പ്രവൃത്തിയെ ഒളിംപിക്സ് കമ്മിറ്റി വിലയിരുത്തിയത്. ഈ കാരണങ്ങൾ കൊണ്ടാണ് അന്തിമ ഫലങ്ങളിൽ നിന്ന് ഇറാൻ താരത്തെ ഒഴിവാക്കിയത്.
മത്സരത്തിനിടയിലെ രണ്ട് സംഭവങ്ങൾ കാരണമാണ് സദേഗ് ബെയ്ഗിൻ്റെ സ്വർണ മെഡൽ നഷ്ടപ്പെട്ടത്. ആദ്യത്തേത് സ്പോർട്സ്മാൻഷിപ്പ് ഇല്ലാത്ത പെരുമാറ്റമായിരുന്നു എന്നാണ് റഫറിയുടെ വിലയിരുത്തൽ. സ്‌പോർട്‌സ് മാന്ത്രികമല്ലെന്ന് വ്യാഖ്യാനിക്കുന്ന ഒരു ആഹ്ളാദ പ്രകടനം സദേഗ് നടത്തിയിരുന്നു. ഇതിന് റഫറിയുടെ മഞ്ഞക്കാർഡ് ലഭിച്ചു. പിന്നാലെയാണ് പതാക പ്രദർശിപ്പിച്ചത്. ഹസ്രത്ത് ഉമ്മുൽ ബാനിൻ്റെ പതാകയാണ് സദേഗ് ബെയ്ഗ് പ്രദർശിപ്പിച്ചത്. ഇത് മഞ്ഞ കാർഡിനും കാരണമായി.
READ MORE: നീരജിനെ പോലെ ജാവലിൻ പായിച്ചത് വെള്ളിത്തിളക്കത്തിലേക്ക്; നവദീപിനെ ഞെട്ടിച്ച് ഗോൾഡൻ സർപ്രൈസ്!
ഈ രണ്ടാം മഞ്ഞക്കാർഡ് അദ്ദേഹത്തെ അയോഗ്യനാക്കുന്നതിൽ കലാശിച്ചു. ഇത്തരം ആഹ്ളാദ പ്രകടനം കായിക താരങ്ങൾക്കിടയിൽ ഒരു സാധാരണ സമ്പ്രദായമാണെന്നും, ടോക്കിയോ പാരാലിംപിക്‌സിൽ താൻ മുമ്പ് ഹസ്രത്ത് ഉമ്മുൽ-ബാനിൻ്റെ പതാക പ്രശ്നങ്ങളൊന്നുമില്ലാതെ പ്രദർശിപ്പിച്ചിരുന്നു എന്നും ഇറാൻ താരം പിന്നീട് വിശദീകരിച്ചു. റഫറിയുടെ ഈ തീരുമാനത്തിൽ അദ്ദേഹം കടുത്ത നിരാശയും പ്രകടിപ്പിച്ചു.
ഇതോടെ രണ്ടാമനായ ഇന്ത്യൻ താരം നവദീപ് ജെയ്നിന് സ്വർണ മെഡൽ ലഭിക്കുകയായിരുന്നു. മൂന്ന് വർഷം മുമ്പ് ടോക്കിയോ ഗെയിംസിൽ നാലാമതായി ഫിനിഷ് ചെയ്ത ഹരിയാനയിൽ നിന്നുള്ള 23കാരനായ പാരാ അത്‌ലറ്റ് ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം നടത്തിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. പുരുഷന്മാരുടെ ജാവലിൻ എഫ്41 വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ചൈനയുടെ സൺ പെങ്‌സിയാങ്ങിന് വെള്ളിയും ലഭിച്ചു.
READ MORE: ഏഴ് സ്വർണം, ഒൻപത് വെള്ളി, 13 വെങ്കലം; ഇക്കുറി പാരാലിംപിക്സിലേത് എക്കാലത്തേയും മികച്ച പ്രകടനം