ആദ്യ ഘട്ടത്തില്‍ പുറത്തുവിടാതിരുന്നത് സ്വകാര്യതയെ ബാധിക്കുന്നതിനാലെന്ന് മന്ത്രി; നിയമസഭയില്‍ ചര്‍ച്ചയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗുരുതരമായ തെറ്റുകള്‍ ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു
ആദ്യ ഘട്ടത്തില്‍ പുറത്തുവിടാതിരുന്നത് സ്വകാര്യതയെ ബാധിക്കുന്നതിനാലെന്ന് മന്ത്രി; നിയമസഭയില്‍ ചര്‍ച്ചയായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
Published on
Updated on

ഹേമ കമ്മിറ്റി റിപ്പോർട്ട് ആദ്യ ഘട്ടത്തില്‍ പുറത്തുവിടാതിരുന്നത് വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. സിനിമാ മേഖലയില്‍ പുതിയ നിയമം നിര്‍മിക്കാനാകുമോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.  അതിനായി നിയമവകുപ്പിന്റെ അഭിപ്രായം തേടിയെന്നും കഴിയുമെങ്കില്‍ നിയമം തന്നെ നിര്‍മിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. സിനിമ സെറ്റിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനെ കുറിച്ചും മന്ത്രി സംസാരിച്ചു. സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചിട്ടുണ്ട്. പരിഹാര സെല്‍ ഷൂട്ടിഗ് സെറ്റുകളില്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

സിനിമാ കോണ്‍ക്ലേവ് നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സിനിമ മേഖലയിലെ എല്ലാവരുമായി ചര്‍ച്ച നടത്താനാണ് കോണ്‍ക്ലേവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗുരുതരമായ തെറ്റുകള്‍ ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പിന്നെ അത് സര്‍ക്കാരിന്റെ അധികാര പരിധിയിലാണ്. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ യാതൊരു നടപടിയുമെടുക്കാതെ അടയിരിക്കുകയായിരുന്നുവെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം പുറത്തുവിടാത്തത് വേണ്ടപ്പെട്ടവരെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.



എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമയും വിവരാവകാശ കമ്മീഷനും പറഞ്ഞിരുന്നു എന്നാണ് സജി ചെറിയാന്‍ മറുപടി പറഞ്ഞത്. ഏതെങ്കിലും പരാതി പരിശോധിക്കാന്‍ ഉണ്ടോ എന്ന് പ്രതിപക്ഷ നേതാവിനെ മന്ത്രി വെല്ലുവിളിച്ചു. അതേസമയം കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യമില്ലെന്ന് പറയുമ്പോള്‍ എന്ത് ചെയ്യുമെന്ന് ഹൈക്കോടതി ചോദിച്ചുവെന്ന് നിയമ മന്ത്രി പി രാജീവ് നിയമസഭയെ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com