
നെയ്യാറ്റിൻകരയിലെ 'സമാധി' വിവാദത്തിന് പിന്നാലെ ഗോപൻ സ്വാമിയുടെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. സമാധിസ്ഥലം പൊളിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ സുലോചന ഹർജി സമർപ്പിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടർ, ആർഡിഒ, പൊലീസ് എന്നിവരെ എതിർകക്ഷികളാക്കിയാണ് നടപടി.
അടുത്ത ദിവസം കോടതി ഹർജി പരിഗണിച്ചേക്കുമെന്നാണ് വിവരം. ജില്ലാ കളക്ടറുടെയും സംസ്ഥാന സർക്കാരിൻ്റേയും റിപ്പോർട്ട് പ്രകാരമായിരിക്കും കോടതി ഹർജിയിൽ നടപടിയെടുക്കുക. പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കി കല്ലറ പൊളിക്കാനാണ് അധികൃതരുടെ തീരുമാനം. വൈകാതെ തന്നെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും.
സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനല്ല, മരണത്തിലെ അസ്വാഭാവികത തീര്‍ക്കാനാണ് കല്ലറ പൊളിക്കുന്നതെന്ന് ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചു. എന്നാല്‍ സമാധി പൊളിച്ചു നീക്കാന്‍ ആവില്ലെന്ന കടുത്ത നിലപാടിലാണ് കുടുംബം. പിതാവിൻ്റെ കല്ലറ പൊളിക്കുന്നതിൽ അന്തിമ തീരുമാനം ഹിന്ദു ഐക്യവേദി എടുക്കുമെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്തൻ പറഞ്ഞു. നിയമ നടപടിയെ കുറിച്ച് ഹിന്ദു ഐക്യവേദി തീരുമാനിക്കും. കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും മകൻ പറഞ്ഞു.