2019നു ശേഷം ബുക്കർ നേടുന്ന ആദ്യ വനിത കൂടിയാണ് ഹാർവി
ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവിയുടെ 'ഓർബിറ്റലിന്' 2024 ലെ ബുക്കർ പ്രൈസ്. ലണ്ടനിലെ ഓൾഡ് ബില്ലിങ്ഗേറ്റിൽ നടന്ന ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്. 2023ലെ ബുക്കർ പ്രൈസ് ജേതാവായ പോൾ ലിഞ്ച് ഹാർവിക്ക് അവാർഡ് സമ്മാനിച്ചു. 50,000 പൗണ്ടും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറ് ബഹിരാകാശയാത്രികരുടെ ജീവിതത്തിലെ ഒരു ദിവസത്തെയാണ് ഹാർവി ഓർബിറ്റലില്‍ ആവിഷ്കരിക്കുന്നത്. രചനാപരമായ ഒതുക്കമുള്ളപ്പൊള്‍ തന്നെ മനോഹരവും വിശാലവുമായ, മനുഷ്യജീവൻ്റെ വ്യക്തിപരവും കൂട്ടായതുമായ മൂല്യത്തെ പ്രതിഫലിപ്പിക്കുന്ന, ഭൂമിയുടെ മഹത്വം നിരീക്ഷിക്കുന്ന കൃതിയാണ് ഓർബിറ്റൽ. 'വ്രണിത ലോകത്തേക്കുറിച്ചുള്ള പുസ്തകം' എന്നാണ് ബുക്കർ പ്രൈസ് ജൂറി അധ്യക്ഷന്‍, എഡ്മണ്ട് ഡി വാൽ, ഓർബിറ്റലിനെ വിശേഷിപ്പിച്ചത്. കൃതിയുടെ സൗന്ദര്യവും അഭിലാഷവും തിരിച്ചറിഞ്ഞ് ഏകാഭിപ്രായത്തിലാണ് വിജയിയെ തെരഞ്ഞെടുത്തതെന്നും എഡ്മണ്ട് ഡി വാൽ കൂട്ടിച്ചേർത്തു.
"ബഹിരാകാശത്തെപ്പറ്റിയുള്ള ഒരു ഇടയലേഖനമാണിത്. ബഹിരാകാശത്തിന്‍റെ സൗന്ദര്യത്തെപ്പറ്റിയുള്ള ഒരു തരം പ്രകൃതി രചന" - ഓർബിറ്റലിന്‍റെ രചനയെപ്പറ്റി സാമന്ത ഹാർവി പറഞ്ഞതിങ്ങനെയാണ്.
Also Read: "അസാധാരണമായ ധൈര്യത്തിന്..."; വർഷങ്ങളായി ജയിലില്‍ തുടരുന്ന മാധ്യമപ്രവർത്തകന് മനുഷ്യാവകാശ പുരസ്കാരം
ബുക്കർ പ്രൈസിന്‍റെ ചരിത്രത്തില്‍ ഇതുവരെ സാമന്ത ഹാർവി അടക്കം അഞ്ച് സ്ത്രീകള്‍ മാത്രമാണ് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 2019നു ശേഷം ബുക്കർ നേടുന്ന ആദ്യ വനിത കൂടിയാണ് ഹാർവി. മറ്റനേകം പ്രത്യേകതകളും സാമന്ത ഹാർവിയുടെ നോവലിനുണ്ട്. യുകെയില്‍ നിന്നും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട കൃതികളില്‍ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകമാണ് ഹാർവിയുടെ അഞ്ചാമത്തെ നോവലായ ഓർബിറ്റൽ. കൂടാതെ പുരസ്കാര പ്രഖ്യാപനത്തിനു മുന്‍പ് കഴിഞ്ഞ മൂന്ന് ബുക്കർ പ്രൈസ് ജേതാക്കളേക്കാളും കൂടുതൽ ഈ നോവലിന്‍റെ കോപ്പികള്‍ വിറ്റഴിഞ്ഞു. ബഹിരാകാശത്തെ കേന്ദ്രീകരിച്ച് രചിച്ച പുസ്തകങ്ങളില്‍ ബുക്കർ സമ്മാനം നേടുന്ന ആദ്യ പുസ്തകവുമാണിത്. വെറും 136 പേജുകളുള്ള ഈ നോവല്‍ ബുക്കർ പ്രൈസ് നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്തകമാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങളില്‍ ഏറ്റവും ചുരുങ്ങിയ സമയ പരിധിയില്‍ കഥ നടക്കുന്ന നോവലാണ് ഓർബിറ്റല്‍. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന കഥയാണ് ഓർബിറ്റലിന്‍റേത്.
പെർസിവൽ എവററ്റ് എഴുതിയ ജെയിംസ്, റേച്ചൽ കുഷ്‌നറുടെ ക്രിയേഷന്‍ ലേക്ക്, ആനി മൈക്കിൾസിന്‍റെ ഹെല്‍ഡ്, യേൽ വാൻ ഡെർ വുഡൻ്റെ ദ സേഫ്‌കീപ്പ്, ഷാർലറ്റ് വുഡ് എഴുതിയ സ്റ്റോൺ യാർഡ് ഡിവോഷണല്‍ എന്നിവയാണ് 2024 ബുക്കർ പ്രൈസിനു ഷോർട്ട് ലിസ്റ്റ് ചെയ്യുപ്പെട്ട മറ്റ് കൃതികള്‍.