സാദിഖലി തങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു; സമസ്തയിലെ ലീഗ് അനുകൂല - വിരുദ്ധ വിഭാഗങ്ങൾക്കിടയിലെ തർക്കത്തിന് താൽക്കാലിക വിരാമം

ആശയവിനിമയത്തിലെ പിഴവുകൾ തെറ്റിദ്ധാരണകൾക്കിടയാക്കിയിരുന്നു എന്ന് ഹമീദ് ഫൈസി അമ്പലക്കടവ് പ്രതികരിച്ചു
സാദിഖലി തങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു; സമസ്തയിലെ ലീഗ് അനുകൂല - വിരുദ്ധ വിഭാഗങ്ങൾക്കിടയിലെ തർക്കത്തിന് താൽക്കാലിക വിരാമം
Published on

സമസ്തയ്ക്കകത്തെ മുസ്ലീം ലീഗ് അനുകൂല - വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന് താൽക്കാലിക പരിഹാരം. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധ നിലപാടുള്ള നേതാക്കൾ പാണക്കാടെത്തി മുസ്ലീം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് സാദിഖലി തങ്ങളുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കൾ പറഞ്ഞു.


മുക്കം ഉമർ ഫൈസി , ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ , സത്താർ പന്തല്ലൂർ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി തുടങ്ങി സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയിലെ നേതാക്കളാണ് ഇന്ന് പാണക്കാട് എത്തിയത്. ജിഫ്രി മുത്തുക്കോയ തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ ,പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂറിൽ അധികം നീണ്ടു. ആശയവിനിമയത്തിലെ പിഴവുകൾ തെറ്റിദ്ധാരണകൾക്കിടയാക്കിയിരുന്നു എന്ന് ഹമീദ് ഫൈസി അമ്പലക്കടവ് പ്രതികരിച്ചു. എല്ലാ അഭിപ്രായവ്യത്യാസങ്ങളും ചർച്ചകളിലൂടെ പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.



താൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും ഉമർ ഫൈസി മുക്കവും പറഞ്ഞു. ഇനിയും ചർച്ചകൾ തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ പരാമർശത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിമർശനവുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചകളിലൂടെ എല്ലാ തർക്കങ്ങളും താൽക്കാലികമായി പരിഹരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com