പാർട്ടി വിട്ട ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡൻ്റ് കെ.പി. മധുവിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യർ. ആലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് ക്ഷണത്തോടുള്ള മധുവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് കെ.പി. മധു ബിജെപിയിൽ നിന്നും പടിയിറങ്ങയത്. പിന്നാലെയാണ് ക്ഷണവുമായി സന്ദീപ് വാര്യർ എത്തിയത്.
അതേസമയം, നിലവിൽ കെ.പി. മധുവിന് പാർട്ടി വിടേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ. ഉപതെരഞ്ഞെടുപ്പിൽ ചുമതലയുള്ള ആളായിരുന്നു കെ.പി മധു. അദ്ദേഹത്തിന് അർഹമായ എല്ലാ സ്ഥാനങ്ങളും പരിഗണനയും പാർട്ടി നൽകിയിരുന്നു. ബാലിശമായ കാര്യങ്ങളാണ് പാർട്ടിവിടാൻ വേണ്ടി പറയുന്നത്. അദ്ദേഹത്തിന് പെട്ടന്നുണ്ടായ മാറ്റം വ്യക്തമാകുന്നില്ലെന്നും പ്രശാന്ത് മലവയൽ പറഞ്ഞു.
മാസങ്ങൾക്കു മുമ്പ് വയനാട്ടിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിൽ നടത്തിയ പരസ്യ പ്രതികരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും മധുവിനെ മാറ്റിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28 വരെ രണ്ടര വർഷം ബിജെപിയുടെ വയനാട് ജില്ലാ പ്രസിഡന്റായിരുന്നു മധു.
ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയശേഷം സംസ്ഥാന പ്രസിഡന്റോ ജില്ലാ പ്രസിഡന്റോ ഒന്ന് വിളിക്കുക പോലും ചെയ്തില്ല. അസുഖം വന്ന് കിടപ്പിലായിട്ടും പാർട്ടി നേതാക്കൾ തിരിഞ്ഞു നോക്കിയില്ല എന്നുൾപ്പടെയുള്ള ആരോപണങ്ങൾ ആണ് മധു ഉന്നയിച്ചത്. ഒരു പ്രതീക്ഷയും സംസ്ഥാന ബിജെപി നേതൃത്വം പാർട്ടി അണികൾക്ക് വേണ്ടി മുന്നോട്ടുവയ്ക്കുന്നില്ലെന്നും, സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിൽ കടുത്ത നിരാശ ഉണ്ടെന്നും മധു കുറ്റപ്പെടുത്തിയിരുന്നു.
നരേന്ദ്രമോദിയേയും അമിത് ഷായേയും കണ്ടുകൊണ്ടാണ് കേരളത്തിൽ ബിജെപിയിലേക്ക് ആളുകൾ വരുന്നത്. എന്നാൽ അണികളെ യോജിപ്പിച്ചു കൊണ്ട് പോകാൻ കഴിയാത്ത നേതൃത്വമാണ് സംസ്ഥാനത്തുള്ളത്. ഇതിൽ നിരാശയും സങ്കടവുമുണ്ടെന്നും മധു പറഞ്ഞു. രണ്ടു വിഭാഗം ആയാണ് സംസ്ഥാനത്ത് ബിജെപി പ്രവർത്തിക്കുന്നത്. ഇങ്ങനെയൊരു പാർട്ടിയിൽ ഇനി തുടരാൻ ആകില്ല. മറ്റൊരു പാർട്ടിയിലേക്ക് ഇപ്പോൾ ഇല്ലെന്നും കഴിഞ്ഞദിവസം മധു വ്യക്തമാക്കിയിരുന്നു.