സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സിപിഎം നേതാവ് എ.കെ. ബാലൻ രംഗത്തെത്തിയിരുന്നു. സഹകരിക്കാൻ തയ്യാറായാൽ സന്ദീപ് വാര്യർക്ക് സിപിഎമ്മിലേക്ക് വരാമെന്നായിരുന്നു എ.കെ. ബാലൻ്റെ പ്രതികരണം
കേരളത്തിൽ തെരഞ്ഞടുപ്പ് ചർച്ചകൾ ചൂട് പിടിക്കുന്ന ഈ ഘട്ടത്തിൽ ബിജെപിയിൽ പൊട്ടിത്തെറികളും വിമത ശബ്ദവും വർധിച്ചു വരികയാണ്. പാലക്കാട് മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തപ്പോൾ വേദി നൽകിയില്ലെന്ന് പറഞ്ഞ് വേദി വിട്ട ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നത്.
കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ദത്തിലാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. പുറത്തു വന്ന വാർത്തകൾ പലതും വാസ്തവ വിരുദ്ധവും അർധസത്യങ്ങളുമാണെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.
ALSO READ: വിവാദങ്ങളൊഴിയാതെ ബിജെപി നേതൃത്വം; സന്ദീപ് വാര്യരും ശോഭ സുരേന്ദ്രനും വിമത ശബ്ദമുയർത്തുമ്പോൾ
"കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന, എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ," സന്ദീപ് വാര്യർ പറഞ്ഞു.
സ്ഥാനാർഥി കൃഷ്ണകുമാറിനെതിരെയും സന്ദീപ് വാര്യർ തിരിച്ചടിച്ചു. സംഘപ്രസ്ഥാനങ്ങൾക്ക് കാര്യാലയം നിർമ്മിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയിൽ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നൽകിയ തൻ്റെ സ്വന്തം അമ്മ മരിച്ചപ്പോൾ പോലും കൃഷ്ണകുമാർ വന്നിട്ടില്ലെന്നും സന്ദീപ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഈ അവസരത്തിൽ ആ കാര്യങ്ങൾ മുഴുവൻ തുറന്നു പറയാൻ ഞാൻ തയ്യാറല്ല. പ്രിയ സ്ഥാനാർഥി കൃഷ്ണകുമാർ ഏട്ടന് വിജയാശംസകൾ. കൃഷ്ണകുമാർ ഏട്ടൻ ഇന്നലെ ചാനലിൽ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോർച്ച കാലം മുതൽക്ക് ഒരുമിച്ച് പ്രവർത്തിച്ചതാണെന്ന്. ഏട്ടാ, നമ്മൾ ഒരിക്കലും യുവമോർച്ചയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല, എന്നും സന്ദീപ് വാര്യർ ഓർമപ്പെടുത്തി.
ALSO READ: രഥോത്സവത്തിൻ്റെ നാട്ടിലെ രാഷ്ട്രീയത്തേരിലേക്ക് ആര്?
എന്നാൽ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാൻ ഇത്രമാത്രം പങ്കുവെക്കുന്നതെന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ALSO READ: "രാഹുലേ ഒരു കൈ തന്നിട്ടുപോടാ.. "; സരിന് കൈ കൊടുക്കാതെ മുഖംതിരിച്ച് രാഹുലും ഷാഫിയും
അതേസമയം സന്ദീപ് വാര്യരുടെ നിലാപാടിന് മറുപടിയുമായി പാലക്കാട് എൻഡിഎ സ്ഥാനാർഥി സി. കൃഷ്‌ണകുമാർ രംഗത്തെത്തി. ആത്മാർഥതയുള്ള ഒരു പ്രവർത്തകനും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആകില്ലെന്നായിരുന്നു കൃഷ്ണകുമാറിൻ്റെ മറുപടി. സന്ദീപിന്റെ പ്രശ്നങ്ങൾ ചർച്ച ചർച്ചചെയ്യുമെന്നും സന്ദീപിന്റെ അമ്മ മരിച്ചപ്പോൾ താൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും കൃഷ്ണകുമാർ പറഞ്ഞു.
കൂടാതെ സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സിപിഎം നേതാവ് എ.കെ . ബാലൻ രംഗത്തെത്തിയിരുന്നു. സഹകരിക്കാൻ തയ്യാറായാൽ സന്ദീപ് വാര്യർക്ക് സിപിഎമ്മിലേക്ക് വരാമെന്നായിരുന്നു എ.കെ. ബാലൻ്റെ പ്രതികരണം.