
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ പി.വി. അൻവറിൻ്റെ ആരോപണത്തിൽ അന്വേഷണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. വിരമിച്ച രണ്ടു ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ആശ്രമം കത്തിക്കല്‍ കേസില്‍ അട്ടമറി നടന്നുവെന്നായിരുന്നു പി.വി അന്‍വറിന്റെ ആരോപണം. ശബരിമല സ്ത്രീ പ്രവേശന വിവാദം പുകയുന്ന കാലത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കുന്നത്. 2018 നവംബര്‍ 21ന് പുലര്‍ച്ചയായിരുന്നു സംഭവം. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ചയാളാണ് സ്വാമി സന്ദീപാനന്ദ ഗിരിയെന്നും ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആശ്രമം കത്തിച്ചതെന്നും പി.വി. അന്‍വര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഈ കേസിലെ പ്രതികളെ രക്ഷപ്പെടുത്താനായി പൊലീസ് നീക്കം നടത്തിയെന്നുമായിരുന്നു പി.വി അന്‍വറിന്റെ ആരോപണം.
ആശ്രമം കത്തിക്കൽ കേസിലെഅന്വേഷണ വീഴ്ചകൾ അക്കമിട്ടു നിരത്തിയാണ് നാല് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ സിപിഎം നേതാക്കളായ കാരായി രാജൻ, ഐപി ബിനു ഉൾപ്പെടെ നാലുപേരുടെ ഫോൺ വിവരങ്ങൾ പോലീസ് ശേഖരിച്ചെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
ഇതോടെയാണ് കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ നാല് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. കാരായി രാജന്റെയും ഐപി ബിനുവിന്റെയും ഫോൺ രേഖകൾ കൺട്രോൾ റൂം എ സി പി ആയിരുന്ന സുരേഷ് കുമാർ ശേഖരിച്ചത് ചട്ടവിരുദ്ധമായാണ്. സുരേഷ് കുമാറിന്റെ നടപടി ദുരുദ്ദേശമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി കണ്ട ബൈക്കിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നാണ് ഷാഡോ എസ്ഐക്ക് എതിരായ കുറ്റം. പ്രമാദമായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ദിനരാജിന്റെ ഭാഗത്തും ഗുരുതരമായ വീഴ്ച ഉണ്ടെന്നാണ് കണ്ടെത്തൽ. സംഭവം നടന്ന ഉടനെ തെളിവുകൾ ശേഖരിക്കുന്നതിനും പ്രതികളെ പിടികൂടുന്നതിലും വീഴ്ചയുണ്ടെന്നും കുറ്റപ്പെടുത്തുന്നുണ്ട്.
അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കടുത്ത ശിക്ഷണ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. കേസന്വേഷണം അജിത് കുമാര്‍ അട്ടിമറിച്ചെന്നാണ് അന്‍വര്‍ ആരോപിച്ചത്. കേസന്വേഷിച്ച ഡിവൈഎസ്പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ബൂത്ത് ഏജന്റ് ആയിരുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
അന്‍വറിന്റെ ആരോപണങ്ങള്‍ സന്ദീപാനന്ദ ഗിരിയും ശരിവെച്ചിരുന്നു. ആര്‍എസ്എസിനെതിരെ അന്വേഷിക്കുന്നതിന് പകരം കാരായി രാജനെ പോലുള്ള സിപിഎം നേതാക്കളെയാണ് പൊലീസ് ലക്ഷ്യമിട്ടതെന്നാണ് സന്ദീപാനന്ദ ഗിരി പ്രതികരിച്ചത്.
വിഷയത്തില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന സ്വാഭാവികമായ സംശയമുണ്ട്. സംശയിക്കാതിരുന്ന് അത്ര ശുദ്ധനാവണ്ടതില്ലല്ലോ. വിഷയത്തില്‍ തന്റെ ഫോണും രഹസ്യമായി പരിശോധിച്ചിരുന്നു. താനുമായി ബന്ധമുള്ളവരുടെ അടുത്ത് പോയും അന്വേഷിച്ചു. കേസ് തനിക്കെതിരെ തിരിക്കാന്‍ എന്തെങ്കിലും തുമ്പ് കിട്ടുമോ എന്നായിരുന്നു പൊലീസ് തിരഞ്ഞത്. ക്രൈംബ്രാഞ്ച് വന്നതിന് ശേഷമാണ് ശരിയായ അന്വേഷണം നടന്നത്. കേസ് അട്ടിമറിച്ചുവെന്നത് വസ്തുതയാണെന്നും ആരെന്ന് കണ്ടെത്തട്ടെയെന്നും സന്ദീപാനന്ദ ഗിരി വ്യക്തമാക്കി.