"ആ രണ്ടുപേർ സഞ്ജുവിന്‍റെ കരിയറില്‍ വന്നില്ലായിരുന്നെങ്കില്‍"; ഗംഭീറിനും സൂര്യക്കും നന്ദിയറിയിച്ച് സാംസണ്‍ വിശ്വനാഥ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത് സഞ്ജുവിന്‍റെ ബാറ്റിങ് പ്രകടനമായിരുന്നു
"ആ രണ്ടുപേർ സഞ്ജുവിന്‍റെ കരിയറില്‍ വന്നില്ലായിരുന്നെങ്കില്‍"; ഗംഭീറിനും സൂര്യക്കും നന്ദിയറിയിച്ച് സാംസണ്‍ വിശ്വനാഥ്
Published on

അന്താരാഷ്ട്ര ടി20യില്‍ തുടർച്ചയായി രണ്ട് ഇന്നിംഗ്സുകളില്‍ സെഞ്ചുറി എന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്‍റെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് അച്ഛൻ സാംസൺ വിശ്വനാഥ്. സെഞ്ചുറികൾ ഇതുവരെ അവഗണിച്ചവർക്കുള്ള മറുപടിയാണെന്ന് പറഞ്ഞ സാംസണ്‍ ഇന്ത്യന്‍ ടീം കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും നന്ദി അറിയിച്ചു. സഞ്ജുവിന്‍റെ സെഞ്ചുറി ഇരു താരങ്ങള്‍ക്കും സമർപ്പിക്കുന്നുവെന്നും സാംസണ്‍ വിശ്വനാഥ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

"ചെറിയ സന്തോഷം അല്ല. വലിയ സന്തോഷം...സൂര്യകുമാർ യാദവിനും ഗൗദം ഗംഭീറിനും നന്ദി. എന്‍റെ മകന്‍റെ ക്രിക്കറ്റ് കരിയറില്‍ ഈ രണ്ട് പേര് വന്നില്ലായിരുന്നെങ്കില്‍ ഇന്നു അവന്‍റെ കരിയർ പഴയതുപോലെ പോയേനെ. അവനെ തിരിച്ചറിയുകയും, അവസരം കൊടുക്കുകയും ചെയ്ത ഈ രണ്ട് പേർക്കുമാണ് അവന്‍റെ ഈ സെഞ്ചുറി", സാംസണ്‍ വിശ്വനാഥ് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ സഞ്ജുവിന് ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് ക്രീസില്‍ നല്‍കിയ പിന്തുണയെപ്പറ്റിയും സാംസണ് വിശ്വനാഥ് സംസാരിച്ചു. "സഞ്ജുവിനു മാത്രമല്ല സൂര്യകുമാർ യാദവിന്‍റെ പിന്തുണ. എല്ലാവരെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതൊന്നും പറഞ്ഞു കേട്ടതല്ല, നമ്മള്‍ അത് കാണുന്നുണ്ട്.  ഫീല്‍ഡില്‍ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരെയും സപ്പോർട്ട് ചെയ്യുകയാണ് സൂര്യകുമാർ", സാംസണ്‍ പറഞ്ഞു.

Also Read: ബാക്ക് ടു ബാക്ക് സെഞ്ചുറി; ഡർബനില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സഞ്ജുവിന്‍റെ മാസ്റ്റർക്ലാസ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത് സഞ്ജുവിന്‍റെ ബാറ്റിങ് പ്രകടനമായിരുന്നു. ഇന്ത്യന്‍ മധ്യ നിര തകർന്ന മത്സരത്തില്‍ ഓപ്പണറായിട്ടിറങ്ങിയ സഞ്ജുവിന്‍റെ സെഞ്ചുറിയാണ് സ്കോർ ഇരുനൂറ് കടത്തിയത്. 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌ണോയിയും മൂന്നുവിക്കറ്റ് വീതം നേടി. ആവേശ് ഖാന്‍ രണ്ടുവിക്കറ്റും അർഷ്ദീപ് സിങ് ഒരു വിക്കറ്റും സ്വന്തമാക്കി. സഞ്ജുവായിരുന്നു കളിയിലെ താരം.

മത്സരത്തില്‍ വമ്പൻ അടികളുമായി കളംനിറഞ്ഞ സഞ്ജു 47 പന്തിലാണ് റെക്കോർഡിന്‍റെ തിളക്കമുള്ള സെഞ്ചുറി തികച്ചത്. 214.00 സട്രൈക്ക് റേറ്റില്‍, 107 (50) റണ്‍സുമായി കളം വിടുമ്പോള്‍ സഞ്ജു 10 സിക്സറും ഏഴ് ഫോറും നേടിയിരുന്നു. ബംഗ്ലാദേശിനെതിരെയായിരുന്നു സഞ്ജുവിന്‍റെ കഴിഞ്ഞ സെഞ്ചുറി.  താരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ടി20 സെഞ്ചുറി എന്ന പ്രത്യേകതയും ആ ഇന്നിംഗ്സിനുണ്ടായിരുന്നു. ഈ മത്സരത്തോടെ അന്താരാഷ്ട്ര ടി20യിലെ വേഗതയേറിയ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമായി സഞ്ജു സാംസൺ.  




Related Stories

No stories found.
News Malayalam 24x7
newsmalayalam.com