കൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കോടതിയും സർക്കാരും ഇടപെട്ട് അതിന്മേൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സാറാ ജോസഫ് വ്യക്തമാക്കി
അഞ്ചു കൊല്ലത്തിനുശേഷം പുറത്തുവന്നത് മറച്ചു പിടിച്ച റിപ്പോർട്ടെന്ന് സാഹിത്യകാരി സാറാ ജോസഫ്. റിപ്പോർട്ടിൽ സൂക്ഷ്മതയും കൃത്യതയും ഇല്ല. കുറ്റകൃത്യങ്ങൾക്കനുസരിച്ചാണ് പരാതിക്കാരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളത്. കുറ്റകൃത്യങ്ങൾ നടന്നെങ്കിൽ അവിടെ പ്രതിയോ പ്രതികളോ ഉണ്ടായിരിക്കണമെന്നും സാറാ ജോസഫ് പറഞ്ഞു.
പക്ഷേ പ്രതികൾ ആര് എന്നത് പൊതുജനങ്ങൾക്ക് അജ്ഞാതമാണ്. കൃത്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കോടതിയും സർക്കാരും ഇടപെട്ട് അതിന്മേൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സാറാ ജോസഫ് വ്യക്തമാക്കി. ബലാൽസംഗത്തിന് തുല്യമായ പീഡനങ്ങളെ കുറിച്ചാണ് റിപ്പോർട്ടിൽ വിവരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ എന്ന പോലെ ഇക്കാര്യത്തിലും തുടർനടപടികൾ ഉണ്ടാവണം, കാര്യങ്ങൾ വെളിച്ചത്തു കൊണ്ടുവരിക എന്നത് ഭരിക്കുന്ന സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു.
കമ്മിറ്റി റിപ്പോർട്ടിൻ്റെ പേരിൽ ആവേശം കൊള്ളുമ്പോഴും ഡബ്ല്യുസിസിയോട് നമുക്കുണ്ടായിരുന്ന നിലപാടിനെ കുറിച്ച് ആലോചിക്കണം, ഡബ്ല്യുസിസി അംഗങ്ങൾ വെളിച്ചത്തു കൊണ്ടുവന്ന കാര്യങ്ങളിൽ നടപടിയെടുക്കേണ്ടത് സാംസ്കാരിക ലോകത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും സാറാ ജോസഫ് ഓർമപ്പെടുത്തി. പലരെയും സംരക്ഷിക്കാനും വിവരങ്ങൾ മൂടിവയ്ക്കാനുമുള്ള ശ്രമങ്ങൾ കാണുമ്പോൾ ഇതൊക്കെ നാടകമായി പോകുമോ എന്ന ഭയമുണ്ടെന്ന ആശങ്കയും സാറാ ജോസഫ് പങ്കുവെച്ചു.
ALSO READ: മാക്ടയെ തകര്‍ത്ത 15 അംഗ പവര്‍ഗ്രൂപ്പില്‍ സംസ്ഥാന മന്ത്രിയും; രൂക്ഷവിമര്‍ശനവുമായി വിനയന്‍
കമ്മിറ്റി റിപ്പോർട്ട് പ്രകാരം സിനിമ മേഖലയിലെ മുഴുവൻ നടന്മാരും കുറ്റവാളികളാണ്. ഈ കുറ്റാരോപണത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ തങ്ങൾക്ക് അതിൽ പങ്കില്ല എന്ന് വ്യക്തമാക്കി അവർ പരസ്യമായി മുന്നോട്ടു വരണമെന്നും സാറാ ജോസഫ് പറഞ്ഞു. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന മന്ത്രിയും എംപിയും പോലും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല, അവർക്കും ഉത്തരവാദിത്തങ്ങൾ ഉണ്ട്. കുറ്റവാളികൾ ആരെന്ന് ചൂണ്ടിക്കാട്ടേണ്ട ഉത്തരവാദിത്തം അമ്മ സംഘടനയ്ക്ക് ഉണ്ട്. തലോടലുകളും സമാശ്വാസ വാക്കുകളും കൊണ്ട് കാര്യമില്ല, കുറ്റകൃത്യത്തെ സമീപിക്കുന്ന രീതിയിൽ തന്നെ നടപടികൾ വേണമെന്നും സാറാ ജോസഫ് വ്യക്തമാക്കി.