യുഎസ് കോൺഗ്രസിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ്‌ജെൻഡർ; ചരിത്രം സൃഷ്ടിച്ച് സാറാ മക്ബ്രൈഡ്

യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ്‌ജെൻഡർ; ചരിത്രം സൃഷ്ടിച്ച് സാറാ മക്ബ്രൈഡ്

2016-ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയസമ്മേളനത്തിൽ പ്രസംഗിച്ചതോടെയാണ് മക്‌ബ്രൈഡ് ശ്രദ്ധേയ ആകുന്നത്
Published on



യുഎസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ട്രാൻസ്‌ജെൻഡർ ആയി ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി സാറാ മക്ബ്രൈഡ്. ഡെലാവേറിൽ നിന്നാണ് സാറാ മക്ബ്രൈഡ് തെരഞ്ഞെടുക്കപ്പെട്ടത്. 2020 ൽ സ്റ്റേറ്റ് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ട്രാൻസ്‌ജെൻഡർ വ്യക്തിയും സാറാ മക്ബ്രൈഡ് ആയിരുന്നു. 2012ൽ ഒബാമയുടെ ഭരണത്തിന് കീഴിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.

2016-ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ പ്രസംഗിച്ചതോടെയാണ് മക്‌ബ്രൈഡ് ശ്രദ്ധേയ ആകുന്നത്. അമേരിക്കയിൽ ഒരു പ്രധാന പാർട്ടിയുടെ ദേശീയസമ്മേളനത്തിൽ ട്രാൻസ്ജെൻഡർ നടത്തുന്ന ആദ്യ പ്രസംഗമായിരുന്നു അത്. ജനപ്രതിനിധിസഭയില്‍ ഉള്‍പ്പെടെ നേരത്തേ ട്രാൻസ്ജെൻഡർ പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് സെനറ്റിൽ സാന്നിധ്യമറിയിക്കുന്നത്.

തൻ്റെ സ്ഥാനാർഥിത്വത്തിൻ്റെ സ്വഭാവത്തേക്കാൾ പ്രാധാന്യം താൻ മുൻഗണന നൽകുന്ന വിഷയങ്ങൾക്കാണെന്നും, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ മക്ബ്രൈഡ് വ്യക്തമാക്കിയിരുന്നു. ആരോഗ്യ സംരക്ഷണം, പാർപ്പിടം, പ്രത്യുല്‍പ്പാദന സ്വാതന്ത്ര്യം, ശമ്പളത്തോടുകൂടിയ അവധി എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് മക്ബ്രൈഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

News Malayalam 24x7
newsmalayalam.com