സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്
യു.ആർ. പ്രദീപ്, പി. സരിൻ
കേരളത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചേലക്കരയിൽ യു. ആർ. പ്രദീപും , പാലക്കാട് ഡോ. പി. സരിനും മത്സരിക്കും. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ സിപിഐ നേതാവ് സത്യൻ മൊകേരിയും മത്സരിക്കും.
പാലക്കാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് എത്തുമെന്നും അങ്ങനെ വന്നാൽ ബിജെപിക്ക് അനുകൂല സാഹചര്യം ഒരുക്കിക്കൊണ്ടാണ് ഷാഫി പറമ്പിൽ വടകരയിൽ പോയതെന്നും ഈ ഡീൽ നേരത്തെ ചൂണ്ടിക്കാണിച്ചതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ എൽ.ഡി എഫിന് ജയിക്കാൻ കഴിയുമെന്നും നല്ല ആത്മവിശ്വാസം ഉണ്ടെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
യുഡിഎഫിൽ പാളയത്തിൽ പട ആരംഭിച്ചിട്ടുണ്ട്. സരിൻ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ അല്ലെന്നും സ്വതന്ത്രനായി മത്സരിക്കുന്നതാണ് നല്ലതെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. നല്ല രീതിയിലുള്ള മാറ്റം പാലക്കാട് മണ്ഡലത്തിലും ചേലക്കരയിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.