സംസ്ഥാന എക്സിക്യൂട്ടീവിന്റെ ശുപാർശ കൗൺസിൽ അംഗീകരിച്ചു
വയനാട് ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരി മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന എക്സിക്യൂട്ടീവിന്റെ ശുപാർശ കൗൺസിൽ അംഗീകരിച്ചു. ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. നാളെ മുതൽ തന്നെ പ്രചരണം ആരംഭിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സ്ഥാനാർഥിത്വം പ്രതീക്ഷിച്ചതല്ലെന്നായിരുന്നു സത്യന്‍ മൊകേരിയുടെ ആദ്യ പ്രതികരണം. സ്ഥാനാർഥിയായി നിശ്ചയിച്ചാല്‍ അത് അനുസരിക്കുകയാണ് ഒരു കമ്മ്യൂണിസ്റ്റുകാരന്‍റെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം നിർവഹിക്കുകയാണെന്നും സത്യന്‍ മോകേരി പറഞ്ഞു. ഇടതുപക്ഷം നേട്ടമുണ്ടാക്കിയ 2014 തെരഞ്ഞെടുപ്പിലെ രാഷ്ടീയ സാഹചര്യം ഉയർത്തിക്കൊണ്ടുവന്നാല്‍ ജനങ്ങള്‍ അതിലേക്ക് എത്തുമെന്നും സത്യന്‍ മൊകേരി ചൂണ്ടിക്കാട്ടി.
വയനാട്ടിലെ ജനങ്ങള്‍ കൃഷിക്കാരും, ഇടത്തരക്കാരും, പാവപ്പെട്ട ജനവിഭാഗങ്ങളുമാണ്. അവർ ഈ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ചിന്തിക്കുന്നുണ്ട്. അതവരെ ഓർമപ്പെടുത്തിക്കഴിഞ്ഞാല്‍ ഫലം എല്‍ഡിഎഫിന് അനുകൂലമാകുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളതെന്നും സത്യന്‍ മൊകേരി പറഞ്ഞു. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലെ ജനപിന്തുണ ഇത്തവണയും ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസവും ഇടത് സ്ഥാനാർഥി പ്രകടിപ്പിച്ചു.
Also Read: 'മൂവര്‍ സംഘം'; വി.ഡി. സതീശനും രാഹുലിനും ഷാഫിക്കുമെതിരെ സരിന്റെ ആരോപണങ്ങള്‍
കഴിഞ്ഞ രണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പുകളിലും കണ്ട കോണ്‍ഗ്രസ് തരംഗം പ്രത്യേക സാഹചര്യത്തിലുണ്ടായതാണ്. അത് എല്ലാക്കാലത്തും നിലനില്‍ക്കില്ല. ഇന്ദിര ഗാന്ധിയും കരുണാകരനും രാഹുല്‍ ഗാന്ധിയും തോറ്റിട്ടുണ്ട്. ജനാധിപത്യത്തില്‍ ആരും തോല്‍ക്കാമെന്നും സത്യന്‍ മൊകേരി പറഞ്ഞു. വയനാട്ടില്‍ ഇന്ത്യ മുന്നണിയിലെ രണ്ട് പാർട്ടികള്‍ തമ്മില്‍ നടക്കുന്ന മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കേരളത്തിലെ രാഷ്ട്രീയം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു സത്യന്‍ മൊകേരിയുടെ മറുപടി. കേരളത്തില്‍ കാലാകാലങ്ങളായി എല്‍ഡിഎഫ് മത്സരിച്ചു വരുന്ന സീറ്റാണ് വയനാട്ടിലേതെന്നും സത്യന്‍ മൊകേരി കൂട്ടിച്ചേർത്തു.