നെയ്മർ ജൂനിയറിൻ്റെ തിരിച്ചുവരവാണ് ജോർജ് ജീസസ് നയിക്കുന്ന ടീമിന് പ്രചോദനമേകുന്ന ഘടകം
സൗദി പ്രോ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസറും നെയ്മറുടെ അൽ ഹിലാലും കൊമ്പു കോർക്കുമ്പോൾ അത് ലീഗ് ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാകുമെന്നതിൽ സംശയമേതുമില്ല. ഇന്ത്യൻ സമയം രാത്രി 11.30ന് അൽ അവൽ പാർക്കിലാണ് മത്സരം. യുഎഇയിൽ രാത്രി 10 മണിക്കാണ് ലീഗിലെ പ്രബലർ തമ്മിൽ പോരടിക്കുക.
ലീഗിൽ ഇരു ടീമുകളും ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. എന്നാൽ അൽ ഹിലാൽ എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങളുടെ മികച്ച റെക്കോർഡുമായി ഒന്നാം സ്ഥാനത്താണ്. അൽ നാസർ അഞ്ച് വിജയങ്ങളും മൂന്ന് സമനിലയുമായി പട്ടികയിൽ മൂന്നാമതാണ്.
ALSO READ: റൊണാൾഡോയുടെ ഷോട്ട് തെറിപ്പിച്ചത് കുഞ്ഞ് ആരാധകൻ്റെ മൊബൈൽ; അൽ നസറിൻ്റെ ഭാഗ്യദോഷം തുടർക്കഥ!
ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നാസർ കിങ് കപ്പ് ഓഫ് ചാമ്പ്യൻസ് ടൂർണമെൻ്റിൻ്റെ പ്രീ ക്വാർട്ടറിൽ അൽ താവൂനിനോട് 1-0ന് തോറ്റ് പുറത്തായിരുന്നു. റൊണാൾഡോ ഇഞ്ചുറി ടൈമിൽ പെനാൽറ്റി പാഴാക്കുന്ന സങ്കടകരമായ കാഴ്ചയും ആരാധകർക്ക് കാണേണ്ടിവന്നു. എന്നാൽ ഇതിൽ നിന്നും മുക്തരായി അൽ ഹിലാലിനെ തോൽപ്പിച്ച് ലീഗിൽ പോയിൻ്റ് നിലയിൽ മുന്നേറുകയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.
മറുവശത്ത് അൽ തായ്‌യെ 4-1ന് തോൽപ്പിച്ച് അൽ ഹിലാൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിരുന്നു. നെയ്മർ ജൂനിയറിൻ്റെ തിരിച്ചുവരവാണ് ജോർജ് ജീസസ് നയിക്കുന്ന ടീമിന് പ്രചോദനമേകുന്ന ഘടകം. അൽ ഹിലാലിനെ സമീപകാലത്തൊന്നും റൊണാൾഡോയ്ക്കും സംഘത്തിനും തോൽപ്പിക്കാനായിട്ടില്ല.
അൽ നസർ - അൽ ഹിലാൽ മത്സരം എവിടെ കാണാം?
അൽ നസർ - അൽ ഹിലാൽ സൗദി പ്രോ ലീഗ് മത്സരം രാത്രി 11.30ന് സോണി സ്പോർട്സ് ചാനലിലും, സോണി ലിവ് ആപ്പിലും തത്സമയം കാണാം.