മുസ്ലീം പിന്തുടർച്ചാവകാശം: ശരിയത്തിന് പകരം ഇന്ത്യന്‍ നിയമം സ്വീകരിക്കാമോ? പരിശോധിക്കാമെന്ന് സുപ്രീം കോടതി

മുസ്ലീം പിന്തുടർച്ചാവകാശം: ശരിയത്തിന് പകരം ഇന്ത്യന്‍ നിയമം സ്വീകരിക്കാമോ? പരിശോധിക്കാമെന്ന് സുപ്രീം കോടതി

ഈ വിഷയത്തിൽ നിലവിലുള്ള സമാനമായ കേസുകൾ ഹർജിയിൽ ഉൾപ്പെടുത്താനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു
Published on

ശരിയത്ത് നിയമം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീം കോടതി. മുസ്ലീം വിഭാ​ഗത്തിൽ നിന്നുള്ള പൗരന് ശരിയത്ത് നിയമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പകരം വിശ്വാസം ഉപേക്ഷിക്കാതെ തന്നെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം തെരഞ്ഞെടുക്കാനും ‌പൂർവിക സ്വത്തുക്കൾ കൈകാര്യം ചെയ്യാനും കഴിയുമോ എന്ന് പരിശോധിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. തൃശൂർ സ്വദേശിയായ കെ.കെ. നൗഷാദിന്റെ ഹർജിയാണ് കോടതി ഫയലിൽ സ്വീകരിച്ചത്. ഹർജിയിൽ മറുപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് ഖന്ന എന്നിവരുടെ ബെഞ്ച് കേന്ദ്ര- കേരളാ സർക്കാരുകൾക്ക് നോട്ടീസ് നൽകി.

ഈ വിഷയത്തിൽ നിലവിലുള്ള സമാനമായ കേസുകൾ ഹർജിയിൽ ഉൾപ്പെടുത്താനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. 2024 ഏപ്രിലിൽ ആലപ്പുഴ സ്വദേശിനിയായ സഫിയ പി.എം സമർപ്പിച്ച ഹർജി സുപ്രീം കോടതി പരി​ഗണിച്ചിരുന്നു. മുസ്ലീം മതത്തിൽ വിശ്വസിക്കാത്ത സ്ത്രീയാണ് താനെന്നും അതുകൊണ്ട് തന്നെ ശരിയത്തിന് വിരുദ്ധമായി പാരമ്പര്യ സ്വത്ത് കൈകാര്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഫിയയുടെ ഹർജി. 'എക്സ് മുസ്ലീംസ് ഓഫ് കേരള' എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് സഫിയ പി.എം. 2016ലാണ് ഈ വിഷയത്തിൽ മറ്റൊരു ഹർജി ഫയൽ ചെയ്തത്. ഖുറാൻ സുന്നത്ത് സൊസൈറ്റി സമർപ്പിച്ച ഈ ഹർജി ഇതുവരെ പരി​ഗണിച്ചിട്ടില്ല. ഈ മൂന്ന് കേസുകളിലും ഒരുമിച്ചാകും ഇനി കോടതി വാദം കേൾക്കുക.


Also Read: ആ സംഭവത്തിന് ശേഷം പണവും പ്രശസ്തിയും മാനസികാരോഗ്യവുമെല്ലാം നഷ്ടപ്പെട്ടു; പ്രതികരിച്ച് രണ്‍വീര്‍ അലഹബാദിയ

News Malayalam 24x7
newsmalayalam.com