സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഇനി പുത്തൻ മാനം; സീപ്ലെയിൻ യാഥാർഥ്യമാകുന്നു

നാളെ ബോൾ​ഗാട്ടി പാലസിൽ നിന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് സീപ്ലെയിനിന് ഫ്ലാഗ് ഓഫ് ചെയ്യുക
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഇനി പുത്തൻ മാനം; സീപ്ലെയിൻ യാഥാർഥ്യമാകുന്നു
Published on

സംസ്ഥാനത്തെ ആദ്യ സർവീസിനായി സീപ്ലെയിൻ കൊച്ചിയിലെത്തി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിജയവാഡയിൽ നിന്നും കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സീപ്ലെയിൻ വന്നിറങ്ങിയത്. ബോൾഗാട്ടിയിൽ എത്തിയ സീ പ്ലെയിനിന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും മറ്റു ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരണം നൽകി.

നാളെ കൊച്ചിയിൽ സംസ്ഥാനത്തെ ആദ്യ സീപ്ലെയിൻ കൊച്ചിയിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് ആദ്യ സ‍ർവീസ് നടത്തും. നാളെ ബോൾ​ഗാട്ടി പാലസിൽ നിന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണ് സീപ്ലെയിനിന് ഫ്ലാഗ് ഓഫ് ചെയ്യുക. പന്ത്രണ്ട് പേ‍‍ർക്കാണ് ഈ സീപ്ലെയിനിൽ യാത്ര ചെയ്യാനാകുക. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെത്തിയ 'ഡിഹാവ്ലാന്‍ഡ് കാനഡ' എന്ന സീപ്ലെയിന്‍ ആണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്.

സീപ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ കൂടുതല്‍ ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കാമെന്ന സാധ്യത വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാകും. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റിയും, വാട്ടര്‍ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്ടിവിറ്റിയും വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് സീപ്ലെയിന്‍ പദ്ധതി. യാത്രാ സമയത്തിലും ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രയിലും വലിയ മാറ്റം വരുത്താന്‍ ഇതിനാകും.

കരയിലും വെള്ളത്തിലും ഒരു പോലെ പറന്നിറങ്ങാൻ കഴിയുന്ന ഇത്തരം വിമാനങ്ങൾ, ടൂറിസം രംഗത്ത് വൻമാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ജനാലകളുള്ളതിനാൽ വിനോദ സഞ്ചാരികൾക്ക് മികച്ച ആകാശക്കാഴ്ച‌ സീപ്ലെയിൻ സമ്മാനിക്കും.

എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാകുമെന്നാണ് ടൂറിസം വകുപ്പിൻ്റെ പ്രതീക്ഷ. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്ക് പുറമെ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ എന്നിവിടങ്ങളിലും വാട്ടര്‍ ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണനയിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com