എല്ലായ്‌പ്പോഴും ത്യാഗം സഹിക്കേണ്ട കാര്യമില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മഹാ വികാസ് അഘാഡി സഖ്യവുമായി (എംവിഎ) ഇടഞ്ഞ് സമാജ്‍വാദി പാർട്ടി (എസ്‌പി). എംവിഎയിലെ സീറ്റ് വിഭജനത്തിൽ പാർട്ടിക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്നതാണ് സമാജ്‌വാദി പാർട്ടിയുടെ ആരോപണം.
മഹാ വികാസ് അഘാഡിയിൽ കോൺഗ്രസിനും എന്‍സിപി ശരദ് പവാർ വിഭാഗത്തിനും ശിവസേനാ ഉദ്ധവ് വിഭാഗത്തിനും പുറമേ ഇന്ത്യ സഖ്യത്തിലെ മറ്റ് പാർട്ടികളെയും പരിഗണിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുമ്പോള്‍ ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുക്കുകയാണ് സമാജ് വാദി പാർട്ടി. ആവശ്യപ്പെട്ട സീറ്റുകൾ ലഭിച്ചില്ലെങ്കിൽ മഹാ വികാസ് അഘാഡിക്ക് കോട്ടം വരാത്ത വിധത്തിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാർട്ടിയുടെ തീരുമാനം. എല്ലായ്‌പ്പോഴും ത്യാഗം സഹിക്കേണ്ട കാര്യമില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. 25 മുതല്‍ 30 വരെ സ്വതന്ത്ര സ്ഥാനാർഥികളെ സംസ്ഥാനത്ത് മത്സരിപ്പിക്കുമെന്ന വെല്ലുവിളിയും എസ്‌പി ഉയർത്തി.
മഹാവികാസ് അഘാഡി സഖ്യത്തിലെ പ്രധാനകക്ഷികളായ കോൺഗ്രസ്, ശിവസേന (ഉദ്ധവ് വിഭാഗം) എൻസിപി (ശരദ് പവാർ വിഭാഗം) എന്നീ കക്ഷികള്‍ 85 വീതം സീറ്റുകളില്‍ മത്സരിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ബാക്കിയുള്ള 23 സീറ്റുകളുടെ വിഭജനം ഓരോ പാർട്ടിയുടെയും സ്ഥാനാർഥി പട്ടികയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുകയെന്നും സഖ്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസിന്‍റെ പ്രധാന സഖ്യകക്ഷി കൂടിയായ സമാജ്‌വാദി പാർട്ടി സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. പാർട്ടി ആവശ്യപ്പെട്ട സീറ്റുകളിലേക്ക് സഖ്യത്തിലെ മറ്റ് കക്ഷികള്‍ സ്ഥാനാർഥികളെ നിശ്ചയിച്ചു കഴിഞ്ഞെന്നും, വഞ്ചിക്കപ്പെടുമോ എന്ന് ഭയപ്പെടുന്നതായും എസ്‌പി നേതാവ് അബു ആസ്മി ആരോപിച്ചു. സമാജ്‌വാദി പാർട്ടിക്ക് സീറ്റ് നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നതായും ആസ്മി ചൂണ്ടിക്കാട്ടി.
അതിനിടെ, എന്‍സിപി ശരദ് പവാർ വിഭാഗം സമാജ്‌വാദി പാർട്ടി വിട്ട ഫഹദ് അഹമ്മദിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുംബൈയിലെ അനുശക്തി നഗറിൽ നിന്നും ഫഹദ് അഹമ്മദ് എന്‍സിപി ശരദ് പവാർ വിഭാഗത്തിൻ്റെ സ്ഥാനാർഥിയായി മത്സരിക്കും. നടി സ്വര ഭാസ്ക്കറിൻ്റെ ഭർത്താവാണ് ഫഹദ് അഹമ്മദ്. മജൽഗാവ് ചിൻച്വാഡ് , ഭൊസാരി , പിംപ്രി എന്നീ മണ്ഡലങ്ങളിലാണ് മഹാ വികാസ് അഘാഡിയിൽ വിമത ഭീഷണിയുള്ളത്.
മഹായുതി സഖ്യത്തിലും സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. വിമത ഭീഷണി ഒഴിവാക്കാനായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി സഖ്യകക്ഷി നേതാക്കൾ ചർച്ച നടത്തുകയാണ്. ഭാരതീയ ജനതാ പാർട്ടിയും എന്‍സിപി അജിത് പവാർ പക്ഷവും രണ്ട് സ്ഥാനാർഥി പട്ടികകൾ വീതം പുറത്തിറക്കി. സഖ്യത്തിലെ മറ്റൊരു പാർട്ടിയായ ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം ആദ്യ ഘട്ട പട്ടിക മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. നവംബർ 20നാണ് മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണല്‍.