
ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോർട്ടിനെതിരെ പ്രതികരണവുമായി സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചും ഭര്‍ത്താവും രംഗത്തെത്തി. അദാനിയുമായി ബന്ധപ്പെട്ട ഓഫ്‌ഷോര്‍ ഫണ്ടുകളില്‍ തങ്ങൾക്ക് ഓഹരിയുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ഏറെ സുതാര്യമാണെന്നും അവർ പറഞ്ഞു. ഈ റിപ്പോർട്ടിലൂടെ നടക്കുന്നത് വ്യക്ത്യഹത്യയാണെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ അദാനി ഗ്രൂപ്പിനെതിരെയുള്ള അദാനി മെഗാസ്കാം അന്വേഷിക്കാനുള്ള സെബിയുടെ വിമുഖത വളരെക്കാലമായി നിരീക്ഷിക്കുകയായിരുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെൻ്ററി സമിതിയെക്കൊണ്ട് വിദദ്ധമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ ഫണ്ടുകളുടെ യഥാർത്ഥ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സെബി പൂർണ്ണമായും ഇല്ലാതാക്കിയതായി സുപ്രിം കോടതിയുടെ വിദഗ്ധ സമിതിയും ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട ഓഫ്‌ഷോര്‍ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിൽ പറയുന്നത്. വിസില്‍ബ്ലോവര്‍ രേഖകളെ ആധാരമാക്കിയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത് പ്രകാരം, ഗൗതം അദാനി, സഹോദരന്‍ വിനോദ് അദാനി എന്നിവരുമായി ബന്ധപ്പെട്ട ബര്‍മൂഡ, മൗറീഷ്യസ് ഫണ്ടുകളിലാണ് സെബി ചെയര്‍പേഴ്‌സന് ഓഹരിയുള്ളത്.
വ്യവസായ മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അദാനി ഗ്രൂപ്പ് ഉപയോഗിച്ചത് ഈ കമ്പനികളാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോർട്ട് ചെയ്തിരുന്നു. 2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന ഷെല്‍ കമ്പനികളിലാണ് മാധബിക്ക് ഓഹരിയുള്ളത്. അദാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്‌സന് ഓഹരിയുണ്ടായതു കൊണ്ടാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു.