
ജമ്മു ആർഎസ് പുര സെക്ടറിൽ പാകിസ്ഥാനുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. അതിർത്തി കടന്നുള്ള വെടിവയ്പ്പിൽ കോൺസ്റ്റബിൾ ദീപക് ചിംങ്‌കാമിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇപ്പോൾ അദ്ദേഹത്തിൻ്റെ മരണം സ്ഥിരീകരിച്ചതായി അതിർത്തി സുരക്ഷാ സേന വിഭാഗം അറിയിച്ചെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ആർഎസ് പുര സെക്ടറിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച റൈഫിൾമാൻ സുനിൽ കുമാറിന് ജമ്മു കശ്മീർ ജമ്മു കശ്മീർ ലെഫനറ്റ് ജനറൽ മനോജ് സിൻഹ ആദരം അർപ്പിച്ചു. കൂടാതെ വീരമൃത്യു വരിച്ച ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസിനും സൈന്യം ഔദ്യോഗിക ബഹുമതികളോടെ ആദരം അർപ്പിച്ചു.
അതിർത്തി കാക്കുന്ന ബിഎസ്എഫ് സേനയെ ധീരമായി മുന്നിൽ നിന്ന് നയിക്കുകയായിരുന്നു മുഹമ്മദ് ഇംതിയാസ്. ഇതിനിടെയാണ് മരണമെന്ന് അതിർത്തി സുരക്ഷാ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. വെടിവയ്പ്പിൽ അദ്ദേഹത്തോടൊപ്പം മറ്റ് ഏഴ് പേർക്കും പരിക്കേറ്റിരുന്നു. ഉധംപൂരിൽ ഉണ്ടായ പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യൻ വ്യോമസേനയുടെ അസിസ്റ്റന്റ് മെഡിക്കൽ സർജൻ്റ് സുരേന്ദ്ര കുമാറും വീരമൃത്യു വരിച്ചിരുന്നു. പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിലാണ് 36കാരനായ സുരേന്ദ്ര കുമാർ വീരമൃത്യു വരിച്ചത്.