70 വയസിന് മുകളിൽ പ്രായമുള്ളവർക്കെല്ലാം ഇൻഷൂറൻസ്, 5 ലക്ഷത്തിൻ്റെ പരിരക്ഷ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ

അഞ്ച് ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷ നൽകുക കുടുംബാടിസ്ഥാനത്തിൽ ആയിരിക്കും
70 വയസിന് മുകളിൽ പ്രായമുള്ളവർക്കെല്ലാം ഇൻഷൂറൻസ്, 5 ലക്ഷത്തിൻ്റെ പരിരക്ഷ; പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ
Published on


70 വയസിന് മുകളിൽ പ്രായമുള്ളവർക്കെല്ലാം ആയുഷ്മാൻ ഭാരത് നാഷണൽ ഇൻഷൂറൻസ് സ്കീം പ്രകാരം ആരോഗ്യ ഇൻഷൂറൻസ് കവറേജ് നൽകാനുള്ള പദ്ധതിക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (ABPMJAY) പദ്ധതിയിലൂടെ രാജ്യത്തെ 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷ നൽകുക കുടുംബാടിസ്ഥാനത്തിൽ ആയിരിക്കും.

രാജ്യത്ത് 70 വയസിന് മുകളിലുള്ള മുഴുവൻ മുതിർന്ന പൗരന്മാർക്കും, അവരുടെ സാമൂഹിക-സാമ്പത്തിക വ്യത്യാസമില്ലാതെ തന്നെ ABPMJAYയിലൂടെ ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ABPMJAY പദ്ധതിയിലൂടെ അരർഹരായവർക്ക് ഇൻഷൂറൻസ് കാർഡ് ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

നിലവിൽ ഒരു കുടുംബത്തിന് ആരോഗ്യ ഇൻഷൂറൻസ് പ്രകാരം അഞ്ച് ലക്ഷത്തിൻ്റെ കവറേജാണ് ലഭിക്കുന്നതെങ്കിൽ, ഇനി മുതൽ 70 പിന്നിട്ടവർക്ക് പ്രത്യേകമായി അഞ്ച് ലക്ഷത്തിൻ്റെ ഇൻഷൂറൻസ് പ്രത്യേകമായി ലഭിക്കും. കുടുംബത്തിലെ മറ്റു അംഗങ്ങൾക്ക് ഈ തുക ക്ലെയിം ചെയ്യാനാകില്ല. 70 വയസ് പിന്നിട്ടവർക്ക് എല്ലാ വർഷവും അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായമാണ് ABPMJAY പദ്ധതിയിലൂടെ ലഭിക്കുക.

കേന്ദ്ര ഗവൺമെൻ്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്), എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്), ആയുഷ്മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങൾ ഇതിനോടകം ലഭിക്കുന്ന, 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് അവരുടെ നിലവിലുള്ള പദ്ധതി തന്നെ തെരഞ്ഞെടുക്കാം. അതല്ലെങ്കിൽ ABPMJAY ഇൻഷൂറസ് സ്കീമും തെരഞ്ഞെടുക്കാൻ അർഹതയുണ്ട്.

സ്വകാര്യ ആരോഗ്യ ഇൻഷൂറൻസ് പോളിസികൾക്കോ, ​​എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമിനോ കീഴിലുള്ള, 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ABPMJAY പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ഇന്ത്യയിലെ 12.34 കോടി കുടുംബങ്ങളിലെ 55 കോടി ആളുകൾക്ക് സെക്കൻഡറി, ടെർഷ്യറി കെയർ ഹോസ്പിറ്റലൈസേഷനായി ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഉറപ്പ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com