
സെര്‍ബിയയില്‍ പാര്‍ലമെന്റിനകത്ത് പുകബോംബിട്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. രാജ്യത്തെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പിന്തുണച്ചും, സര്‍ക്കാരിനോട് പ്രതിഷേധിച്ചുമാണ് പ്രതിപക്ഷം സ്മോക്ക് ഗ്രനേഡുകളും ടിയര്‍ ഗ്യാസും ഉപയോഗിച്ച് പാര്‍ലമെന്റിനകത്ത് പുക പടര്‍ത്തിയത്. പുക പ്രതിഷേധത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരു പാര്‍ലമെന്റ് അംഗത്തിന്റെ സ്ഥിതി ഗുരുതരമാണെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് മാസങ്ങളായി തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പ്രതിഫലനമാണ് പാര്‍ലമെന്റിലും കണ്ടത്. വടക്കന്‍ നഗരമായ നോവിസാദിലെ റെയില്‍വേ സ്റ്റേഷന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് 15 പേര്‍ മരിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചത്. പ്രസിഡന്റ് അലക്സാണ്ടര്‍ വുകിക്കിന്റെ കീഴിലുള്ള വലതുപക്ഷ ഭരണകൂടത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സമരം. പ്രക്ഷോഭം ശക്തിപ്പെട്ടതോടെ, ജനുവരിയില്‍ പ്രധാനമന്ത്രി മിലോസ് വുസെവിക്കും ഉന്നത ഉദ്യോഗസ്ഥരും രാജിവച്ചിരുന്നു. വുസെവിക്ക് പദവിയൊഴിഞ്ഞതിനുശേഷം നടന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനത്തിലാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം അരങ്ങേറിയത്. സെർബിയൻ പ്രോഗ്രസീവ് പാർട്ടി (എസ്എൻഎസ്) നയിക്കുന്ന ഭരണ സഖ്യത്തിനെതിരെയാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം അരങ്ങേറിയത്.
റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിനെതിരെ തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ഭരണകൂടത്തിനുമെതിരായ രാജ്യവ്യാപക പ്രക്ഷോഭമായി മാറിയത്. അപകടത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം, ഇരകള്‍ക്ക് നീതി എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയ സമരത്തിന് ജനപിന്തുണയേറി. അതോടെ, സര്‍ക്കാര്‍ തലത്തിലെ അഴിമതി, സ്വേച്ഛാധിപത്യ മനോഭാവം, മാധ്യമ സെന്‍സര്‍ഷിപ്പ്, രാഷ്ട്രീയ അക്രമങ്ങള്‍, പൊലീസിന്റെ അമിതാധികാരം എന്നീ വിഷയങ്ങളും സര്‍വകലാശാലയിലെ ട്യൂഷന്‍ ഫീസ് വെട്ടിക്കുറയ്ക്കുക, ഉന്നത വിദ്യാഭ്യാസത്തിനായി ബജറ്റില്‍ വകയിരുത്തിയ തുക വര്‍ധിപ്പിക്കുക, പ്രക്ഷോഭത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത കേസുകളും അറസ്റ്റും പിന്‍വലിക്കുക, വിദ്യാര്‍ഥികളെ ആക്രമിച്ച ഉദ്യോഗസ്ഥരെ പുറത്താക്കുക എന്നിങ്ങനെ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചു. പ്രക്ഷോഭം രാജ്യമാകെ പടര്‍ന്നുപിടിക്കുകയും ചെയ്തു.