
ജമ്മു കാശ്മീരിലെ ബുദലിൽ 5പേർക്ക് കൂടി അപൂർവരോഗം സ്ഥിരീകരിച്ചതോടെ, പ്രദേശത്തെ ജില്ലാ മജിസ്‌ട്രേറ്റ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു. 45 ദിവസത്തിനുള്ളിൽ 17 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതിനെ തുടർന്ന് കേന്ദ്ര വിദഗ്‌ധ സംഘം, സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. ഇന്നലെ 5പേർ കൂടി കുഴഞ്ഞു വീണതോടെയാണ് പ്രദേശത്തെ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്. കൂടാതെ പൊതു-സ്വകാര്യ ഒത്തുചേരലുകൾക്കും നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മരിച്ച കുടുംബങ്ങളുടെ അടുത്ത ബന്ധുക്കളായ നാല് ഗ്രാമീണർ കൂടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ജമ്മു കശ്മീരിലെ മരണങ്ങൾക്ക് പിന്നിൽ അജ്ഞാത രോഗമല്ലെന്നും പിന്നിൽ ദുരൂഹത ഉണ്ടെന്നും കേന്ദ്രമന്ത്രി ഡോ: ജിതേന്ദ്ര സിംഗ് പറഞ്ഞു. സംഭവത്തെ പറ്റി അന്വേഷിച്ച് വരികയാണെന്നും, ഗൂഢാലോചന സംബന്ധിച്ച് എന്തെങ്കിലും കണ്ടെത്തിയാൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രദേശത്ത് ഭീതി പടർന്നതിനാൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും രാഹുൽ ഗാന്ധി എംപിയും കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
"ലക്‌നൗവിലെ സിഎസ്ഐആർ ലാബ് നടത്തിയ അന്വേഷണമനുസരിച്ച്, മരണകാരണം, വൈറസോ ബാക്ടീരിയയോ അല്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ചില വിഷവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അതു സംബന്ധിച്ച അന്വേഷണം നടക്കുകയാണ്", അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സമീപത്തെ ജലസംഭരണിയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. പൊതുകിണറുകള്‍, ജലാശയങ്ങള്‍, സംഭരണികൾ എന്നിവയിൽ നിന്ന് വെള്ളമെടുക്കുന്നത് വിലക്കിയിട്ടുണ്ട്. മരിച്ചവരെയെല്ലാം ബന്ധിപ്പിക്കുന്നത് ഒരു വിവാഹ സൽക്കാരമാണെന്ന നിഗമനത്തില്‍ ഭക്ഷണ സമ്പിളുകൾ ലഖ്‌നൗ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസർച്ച് സെൻ്ററില്‍ അയച്ചിട്ടുണ്ട്.
ദുരൂഹമരണത്തെ തുടർന്ന് പൊലീസിന് പുറമേ ആരോഗ്യം, കൃഷി, രാസവളം, ജലവിഭവം എന്നീ വകുപ്പുകളിലെ വിദഗ്‌ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. രക്തം, പ്ലാസ്മ, ഭക്ഷണം, വെള്ളം എന്നിവയുടെ 12,500 ലധികം സാമ്പിളുകൾ പരിശോധിച്ചു. സെൻട്രൽ ഫോറൻസിക് സയൻസ് ലാബ് വിദഗ്‌ധരും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. എൻസിഡിസി, ഐസിഎംആർഅംഗങ്ങൾ ബുദലിൽ തന്നെയുണ്ട്.
ALSO READ: ആരാധകരുടെ ശല്യം സഹിക്കാനാകുന്നില്ല, ബിസിനസും നഷ്ടം; കുംഭമേളയിലെ സുന്ദരിയെ നാട്ടിലേക്ക് തിരിച്ചയച്ച് കുടുംബം
2024 ഡിസംബർ 5ന്, രജൗരിയിലെ ബുദൽ ഗ്രാമവാസിയായ ഫസൽ, മകളുടെ കല്ല്യാണത്തിന് ഭക്ഷണം വിളമ്പിയ ശേഷം ആളുകളിൽ രോഗബാധ കാണപ്പെട്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. വയറുവേദന, ഛർദി, ക്ഷീണം എന്നിവ അനുഭവപ്പെട്ട ഫസൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചു. ഇതിന് പിന്നാലെ സമാന ലക്ഷണങ്ങളുമായി ഫസലിൻ്റെ കുടുംബത്തിലുള്ളവർക്കും ബന്ധുക്കൾക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 45 ദിവസത്തിനുള്ളിൽ മൂന്നു കുടുംബങ്ങളിലായി 17 പേരാണ് ബുദാലിൽ മരിച്ചത്.