2009-10 കാലഘട്ടത്തില്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ബംഗാളി നടിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് അന്വേഷണ സംഘത്തിൻ്റെ നടപടി. കുറ്റപത്രം വേഗത്തില്‍ സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
2009-10 കാലഘട്ടത്തില്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ പരാതി. പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടർന്ന് രഞ്ജിത്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും സിനിമയിൽ അവസരം നൽകാത്തതിന്‍റെ നീരസമാണ് പരാതിക്ക് കാരണമെന്നുമായിരുന്നു രഞ്ജിത്തിന്‍റെ വാദം.
2009ൽ സിനിമാ ചർച്ചയ്ക്കായാണ് നടിയെ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയത്. തൻ്റെ സഹപ്രവർത്തകരായ നാലുപേരും അവിടെയുണ്ടായിരുന്നു. അസോസിയേറ്റ് ശങ്കർ രാമകൃഷ്ണനാണ് നടിയുമായി സംസാരിച്ചത്. എന്നാൽ നടി നൽകിയ ഇ-മെയിൽ പരാതിയിൽ ഇക്കാര്യം മറച്ചുവെച്ചുവെന്നും രഞ്ജിത്ത് ഹർജിയിൽ ആരോപിച്ചിരുന്നു.
Also read: നടന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍; രണ്ടാംഘട്ട അന്വേഷണത്തിനൊരുങ്ങി എസ്ഐടി
അതേസമയം, നടന്മാർക്കെതിരെ എടുത്ത ലൈംഗികാതിക്രമ കേസുകളിൽ രണ്ടാംഘട്ട അന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച മുകേഷിനെയും ഇടവേള ബാബുവിനെയും ഉടൻ ചോദ്യം ചെയ്യും. ഹൈക്കോടതി നിർദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗികാതിക്രമ ആരോപണങ്ങളിൽ കേസെടുക്കുന്ന നടപടിയിലേക്കും സംഘം ഉടൻ കടക്കുമെന്നാണ് സൂചന.