
ലൈംഗികാതിക്രമ പരാതികളില്‍ നടന്മാരായ ജയസൂര്യയും ബാബുരാജും മുന്‍കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കൂത്താട്ടുകുളം പൊലീസും തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസും രജിസ്റ്റർ ചെയ്ത കേസിലാണ് ജയസൂര്യ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ALSO READ: എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഡബ്ല്യുസിസിക്ക് വിശ്വാസക്കുറവില്ല; മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദീദി ദാമോദരന്‍
ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടിയുടെ രഹസ്യമൊഴി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തിയിരുന്നു. രണ്ട് കേസുകളാണ് ജയസൂര്യയുടെ പേരില്‍ നിലവിലുള്ളത്. സെക്രട്ടറിയേറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിൽ കൻ്റോൺമെൻ്റ് പൊലീസാണ് ആദ്യം കേസെടുത്തത്.
തൊടുപുഴയിൽ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ പരാതിയിൽ കൂത്താട്ടുകുളം പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അടിമാലി പൊലീസാണ് കേസെടുത്തത്.
2019ൽ അടിമാലി കമ്പി ലൈനിലുള്ള ബാബുരാജിൻ്റെ റിസോർട്ടിലും എറണാകുളത്തും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.