കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: "SFIക്ക് ജാഗ്രതക്കുറവുണ്ടായി, വിഷയത്തിൽ കക്ഷി രാഷ്ട്രീയ മേലങ്കി ചാർത്താൻ ഞങ്ങളില്ല"; പി.എസ്. സഞ്ജീവ്

എസ്എഫ്ഐ പ്രവർത്തകൻ്റെ റൂമിൽ നിന്ന് 9.7 ഗ്രാമും കെഎസ്‌യു പ്രവർത്തകൻ്റെ റൂമിൽ നിന്ന് 1.9 കിലോയുമാണ് പിടികൂടിയത്. എന്നിട്ടും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്നത് എസ്എഫ്ഐയെ മാത്രമാണെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു
കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: "SFIക്ക് ജാഗ്രതക്കുറവുണ്ടായി, വിഷയത്തിൽ കക്ഷി രാഷ്ട്രീയ മേലങ്കി ചാർത്താൻ ഞങ്ങളില്ല"; പി.എസ്. സഞ്ജീവ്
Published on

കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐയ്ക്ക് ജാഗ്രത കുറവുണ്ടായെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. എന്നാൽ വിഷയത്തിൽ കക്ഷി രാഷ്ട്രീയ മേലങ്കി ചാർത്താൻ തങ്ങളില്ലെന്നും സഞ്ജീവ് വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകൻ്റെ റൂമിൽ നിന്ന് 9.7 ഗ്രാമും കെഎസ്‌യു പ്രവർത്തകൻ്റെ റൂമിൽ നിന്ന് 1.9 കിലോയുമാണ് പിടികൂടിയത്. എന്നിട്ടും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്നത് എസ്എഫ്ഐയെ മാത്രമാണെന്നും പി.എസ്. സഞ്ജീവ് പറഞ്ഞു.

എല്ലാത്തിനും കാരണം എസ്എഫ്ഐ ആണെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ പക്ഷമെന്ന് പി.എസ്. സഞ്ജീവ് പറഞ്ഞു. കെഎസ്‌യു പ്രവർത്തകൻ്റെ റൂമിൽ നിന്ന് 1.9 കിലോ പിടി കൂടിയ ഘട്ടത്തിലും കോൺഗ്രസ് നേതാക്കൾ സംഘടനയെ കുറ്റപ്പെടുത്തുകയാണ്. എല്ലാം എസ്എഫ്ഐ നേതാക്കളുടെ തലയിൽ വച്ച് കെട്ടാൻ ശ്രമിക്കരുതെന്നും പി.എസ്. സഞ്ജീവ് കൂട്ടിച്ചേർത്തു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കണമെന്നും മാധ്യമങ്ങൾ കുറച്ചു കൂടി പക്വതയോടെ ഇടപെടണമെന്നും പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു. ഒരു തലമുറയുടെ ഭാവി തകർക്കുന്ന വിധത്തിൽ ഇടപെടലുകൾ ഉണ്ടാകരുത്. വൈദ്യ പരിശോധനക്ക് തയ്യാറാണെന്ന് പിടിയിലായ എസ്എഫ്ഐ പ്രവർത്തകൻ പറഞ്ഞിട്ടുണ്ട്. അയാളുടെ ഭാഗം കേട്ട് തുടർ നടപടികൾ ഉണ്ടാകുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ഇന്നലെ രാത്രി കളമശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഹോളി ആഘോഷത്തിനായാണു കഞ്ചാവ് എത്തിച്ചതെന്നും കഞ്ചാവ് വിതരണത്തിന് വിദ്യാർഥികളിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നും പൊലീസ് പറയുന്നു. ഇതാദ്യമായാണ് കേരളത്തിലെ ഒരു കോളേജ് ഹോസ്റ്റലിൽ നിന്ന് ഇത്രയും ഉയർന്ന അളവിൽ കഞ്ചാവ് പിടികൂടുന്നത്.

ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത് 1.97 കിലോഗ്രാം കഞ്ചാവാണ്. ഈ സമയം ആകാശ് മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. ആകാശിപ്പോൾ കളമശേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് കണ്ടെടുത്തത് 9.7 ഗ്രാം കഞ്ചാവാണ്. ഈ സമയം യൂണിയൻ ഭാരവാഹി കൂടിയായ അഭിരാജും മുറിയിൽ ഉണ്ടായിരുന്നില്ല. തൃക്കാക്കര എസിപി പി.വി. ബേബി, നാർക്കോട്ടിക് എസിപി പി. അബ്ദുൽ സലാം എന്നിവരുടെ നേൃത്വത്തിലായിരുന്നു പരിശോധന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com