മാസപ്പടി കേസില്‍ വീണയെ പ്രതി ചേര്‍ത്ത് SFIO കുറ്റപത്രം; ചുമത്തിയത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍

സേവനം നല്‍കാതെ വീണ വിജയന്‍ 2.7 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തൽ
മാസപ്പടി കേസില്‍ വീണയെ പ്രതി ചേര്‍ത്ത് SFIO കുറ്റപത്രം; ചുമത്തിയത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍
Published on

സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO). വീണ വിജയനെയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി. ഡൽഹിയിലെ പ്രത്യേക കോടതിയില്‍ എസ്എഫ്ഐഒ കുറ്റപത്രം നല്‍കി.

വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കമ്പനി നിയമം അനുസരിച്ചാണ് എസ്എഫ്ഐഒ നടപടി. വീണ വിജയന് ഒപ്പം സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ചീഫ് ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പ്രതികളാണ്.

 സേവനം നല്‍കാതെ വീണാ വിജയന്‍ 2.7 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ ആരോപണം. രാഷ്ട്രീയ നേതാക്കള്‍ക്ക് സിഎംആര്‍എല്‍ 182 കോടി രൂപ നല്‍കി. സിഎംആര്‍എല്‍ ഈ തുക കള്ളക്കണക്കില്‍ എഴുതി വകമാറ്റി. കര്‍ത്തയുടെ മരുമകന്‍ ആനന്ദ പണിക്കര്‍ക്ക് 13 കോടി രൂപ കമ്മിഷന്‍ നല്‍കി. കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയ അഴിമതിയാണെന്നുമാണ് എസ്എഫ്ഐഒയുടെ കണ്ടെത്തല്‍.

2024 ജനുവരിയില്‍ അന്വേഷണം ആരംഭിച്ച കേസിലാണ് 14 മാസങ്ങള്‍ക്കു ശേഷം കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചതോടെ, കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി വഴി വിചാരണ നടപടികള്‍ തുടങ്ങാം. വീണ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com