എലോണ്‍ ആണ് മോഹന്‍ലാലും ഷാജി കൈലാസും അവസാനമായി ഒന്നിച്ച സിനിമ. 2023ലാണ് ചിത്രം പുറത്തിറങ്ങിയത്
മോഹന്‍ലാലിനെ നായകനാക്കി തന്റെ അടുത്ത ചിത്രം ഒരുങ്ങുന്ന എന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത് തെറ്റായ വാര്‍ത്തയാണെന്ന് ഷാജി കൈലാസ് അറിയിച്ചത്.
"എന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന ഒരു പുതിയ ചിത്രം ഒരുങ്ങുന്ന എന്ന തരത്തിലുള്ള വാര്‍ത്തകളില്‍ ഞാന്‍ വ്യക്തത നല്‍കട്ടെ. ഈ ഊഹാപോഹങ്ങള്‍ പൂര്‍ണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ദയവായി ശ്രദ്ധിക്കുക. ഈ അവകാശവാദങ്ങളില്‍ സത്യമില്ല. നിങ്ങളുടെ എല്ലാവരുടെയും ആവേശത്തിനും പിന്തുണയ്ക്കും ഞാന്‍ നന്ദി പറയുന്നു, എന്റെ പ്രോജക്ടുകളെക്കുറിച്ചുള്ള ഏതൊരു ഔദ്യോഗിക പ്രഖ്യാപനവും എന്നില്‍ നിന്ന് നേരിട്ടായിരിക്കും വരുന്നത്. ഭാവിയെ പ്രതീക്ഷയോടെ കാണാം", എന്നാണ് ഷാജി കൈലാസ് കുറിച്ചത്.
അതേസമയം എലോണ്‍ ആണ് മോഹന്‍ലാലും ഷാജി കൈലാസും അവസാനമായി ഒന്നിച്ച സിനിമ. 2023ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ കാളിദാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ മിസ്റ്ററി ത്രില്ലറായിരുന്നു ചിത്രം.
1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി എന്നീ ചിത്രങ്ങളും ഇരുവരും ഒരുമിച്ച് ചെയ്തു.