ഉമ്മന്‍ ചാണ്ടി സർക്കാരിനെ മനപൂർവമല്ല പരാമർശിക്കാതിരുന്നത്, ലേഖന വിഷയം CPM പൊതു നയത്തിലെ മാറ്റം; വിശദീകരണവുമായി ശശി തരൂർ

'ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകൾക്ക് കാരണമായത്
ശശി തരൂർ
ശശി തരൂർ
Published on

കേരളത്തിൻ്റെ വ്യവസായ മേഖലയെ പ്രകീർത്തിച്ച പത്ര ലേഖന വിവാദത്തിൽ വിശദീകരണവുമായി ശശി തരൂർ. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി ലേഖനത്തിൽ പരാമർശിക്കാതിരുന്നത് മനഃപൂർവമല്ലെന്ന് തരൂർ വ്യക്തമാക്കി. ലേഖനത്തിൽ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളിൽ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നുവെന്നും തരൂർ വ്യക്തമാക്കി. പി.കെ. കുഞ്ഞാലിക്കുട്ടി, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർ വ്യവസായ മേഖലയ്ക്ക് നൽകിയ സംഭാവനകളും സൂചിപ്പിച്ചായിരുന്നു ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ചെയ്‌ഞ്ചിങ്‌ കേരള: ലംബറിങ്‌ ജംബോ ടു എ ലൈത് ടൈഗർ' എന്ന തലക്കെട്ടിൽ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിൽ വന്ന തരൂരിന്റെ ലേഖനമാണ് ചർച്ചകൾക്ക് കാരണമായത്.



അതേസമയം, നിരന്തരം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരൂരിനെതിരെ ഔദ്യോഗികമായി എഐസിസിക്ക് പരാതി നൽകണമെന്നാണ് കോൺ​ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. കെപിസിസി ഔദ്യോഗികമായി കത്ത് നൽകിയില്ലെങ്കിൽ സ്വന്തം നിലയിൽ വിഷയം ഹൈക്കമാൻഡിനെ ധരിപ്പിക്കാനും ചില നേതാക്കൾ പദ്ധതിയിടുന്നുണ്ട്. കെ- റെയിൽ വിഷയത്തിൽ ഉൾപ്പെടെ തരൂർ സ്വീകരിച്ച നിലപാടു ചൂണ്ടിക്കാണിച്ചാണ് ഇവരുടെ നീക്കം. പാർട്ടിയെ പ്രതിരോധത്തിലാക്കി സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനാണ് ശശി തരൂരിൻ്റെ ശ്രമമെന്നാണ് പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്ന വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പ് അടിത്തുനിൽക്കെ തരൂരിന്റെ ലേഖനം പാർട്ടിക്ക് ദോഷകരമാകുമെന്നും വിലയിരുത്തലുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

എന്റെ ഇന്ത്യൻ എക്സ്പ്രസിൽ വന്ന ലേഖനത്തിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമർശിക്കാത്തത് ചിലർ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂർവമല്ല.

ആ ലേഖനത്തിൽ പ്രതിപാദിച്ചിരുന്നത് നിലവിലെ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളിൽ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിൽ വ്യവസായ വിവരസാങ്കേതികവിദ്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയും കേരളത്തിന് കാതലായ വളർച്ച നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ ആദ്യമായി ഒരു ഗ്ലോബൽ ഇൻവെസ്റ്റർ മീറ്റ് എ കെ ആൻറണി സർക്കാറിൻ്റെ കാലത്ത് നടത്തിയതും ശ്രീ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു.

സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതു നയം ഇക്കാര്യത്തിൽ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതിൽ മാറ്റങ്ങൾ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്ത കണക്കുകൾ ആയിരുന്നു എൻ്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com