വീണയുടെ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നത്; സേവനങ്ങള്‍ നല്‍കാതെ CMRL ല്‍ നിന്ന് പണം കൈപ്പറ്റിയുണ്ട്: ഷോണ്‍ ജോര്‍ജ്

എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് തന്റെ പക്കലുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കുന്നില്ല. രാഷ്ട്രീയമായി അതിനെ ഉപയോഗിക്കുന്നത് ശരിയല്ല
വീണയുടെ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നത്; സേവനങ്ങള്‍ നല്‍കാതെ CMRL ല്‍ നിന്ന് പണം കൈപ്പറ്റിയുണ്ട്: ഷോണ്‍ ജോര്‍ജ്
Published on

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്. എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ലെന്ന വീണയുടെ വിശദീകരണം തെറ്റാണെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

ഇതുസംബന്ധിച്ച് വീണ കഴിഞ്ഞ ദിവസം പുറത്തിറക്കിയത് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പത്രക്കുറിപ്പാണ്. സിഎംആര്‍എല്ലിന് ഒരു സേവനവും നല്‍കിയിട്ടില്ലെന്ന് വീണ മൊഴി നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലും എക്‌സാലോജിക് ഉദ്യോഗസ്ഥരും അങ്ങനെ മൊഴിയിലും അങ്ങനെയുണ്ട്. ലഭിക്കേണ്ട സേവനം സംബന്ധിച്ച് ഇരു കമ്പനികളും ഒരു ഇമെയില്‍ പോലും അയച്ചിട്ടില്ല. ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ് മുഖ്യമന്ത്രിയുടെ മകള്‍ ചെയ്തത്.

നല്‍കാത്ത സേവനത്തിന് എന്തിന് പണം കൈപ്പറ്റിയെന്ന് മുഖ്യമന്ത്രിയും സിപിഐഎമ്മും വീണയും മറുപടി പറയണം. ഇത് മുഖ്യമന്ത്രിക്കു വേണ്ടിയാണെന്നത് പകല്‍ പോലെ വ്യക്തമാണ്. മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമൊപ്പം താന്‍ സംവാദത്തിന് തയ്യാറാണെന്നും ഷോണ്‍ ജോര്‍ജ് വെല്ലുവിളിച്ചു.

പിഴവ് പറ്റിയെന്ന് സിപിഐഎമ്മിനും ബോധ്യമായി. അതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ മൗനം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് തന്റെ പക്കലുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിക്കുന്നില്ല. രാഷ്ട്രീയമായി അതിനെ ഉപയോഗിക്കുന്നത് ശരിയല്ല. കുറ്റകൃത്യത്തിനു പിന്നിലെ പ്രേരണ മുഖ്യമന്ത്രി നടത്തിയ കൊള്ളയും എന്താണെന്ന് ജനങ്ങള്‍ അറിയണം. കൂടുതല്‍ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും കോടതിയില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനങ്ങള്‍ നല്‍കാതെ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റി എന്ന് വീണ മൊഴി നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം ആദ്യം വന്ന വാര്‍ത്ത. പിന്നാലെ, ഇത് നിഷേധിച്ച് വീണ രംഗത്തെത്തി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ മൊഴി നല്‍കുകയും അത് അവര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണെങ്കിലും എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനങ്ങള്‍ നല്‍കാതെ പണം കൈപ്പറ്റി എന്ന തരത്തിലുള്ള മൊഴി എസ്എഫ്‌ഐഒയ്ക്ക് നല്‍കിയിട്ടില്ലെന്നായിരുന്നു വീണയുടെ വിശദീകരണം. വീണയുടെ മൊഴിയെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത അസത്യമെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചിരുന്നു.


സിഎംആര്‍എല്ലിന് സേവനം നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്ന് വീണാ വിജയന്‍ സമ്മതിച്ചതായാണ് എസ്എഫ്‌ഐഒ അറിയിച്ചത്. സിഎംആര്‍എല്‍ ഐടി മേധാവിയും ഇക്കാര്യം സ്ഥിരീകരിച്ചെന്നും എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തില്‍ പറയുന്നു. വീണാ വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് എസ്എഫ്‌ഐഒ ചുമത്തിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com