നടന്‍ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം

എന്‍ഡിപിഎസ് ആക്ടിലെ സെക്ഷന്‍ 27, 29, ഭാരതീയ ന്യായസംഹിതയിലെ 238 എന്നീ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്
നടന്‍ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം
Published on

ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എന്‍.ഡി.പി.എസ് ആക്ടിലെ സെക്ഷന്‍ 27, 29, ഭാരതീയ ന്യായസംഹിതയിലെ 238 എന്നീ വകുപ്പുകൾ പ്രകാരമാണ് നടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മാതാപിതാക്കളാണ് ഷൈനിനു വേണ്ടി ജാമ്യം നിന്നത്.


ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഷൈൻ ടോം ചാക്കോ പൊലീസ് സ്റ്റേഷനിൽ ഹാജരായത്. വേദാന്ത ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയതില്‍ വ്യക്തത നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പൊലീസിന്റെ നോട്ടീസ്. ലഹരി ഇടപാട് നടത്തുന്ന സജീറിനെ തേടിയാണ് ഡാൻസാഫ് സംഘം ഇക്കഴിഞ്ഞ പതിനേഴാം തീയതി ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയത്. പൊലീസ് സംഘം എത്തിയതും ഷൈന്‍ ഇറങ്ങിയോടി.

ഡാൻസാഫ് സംഘം എത്തിയപ്പോൾ ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നാണ് ഷൈൻ ചോദ്യംചെയ്യലിൽ പറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ആളാണെങ്കിലും ആ ദിവസം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ല. സിനിമ മേഖലയിൽ തനിക്ക് ശത്രുക്കളുണ്ട്. അവർ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഷൈൻ മൊഴി നൽകി. സജീറുമായി ബന്ധമുണ്ടെന്നും നടന്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേസ് എടുക്കാൻ തീരുമാനമായത്. സിറ്റി പൊലീസ് കമ്മീഷണർ അനുമതി നൽകിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അളവിൽ അധികം മെത്താഫെറ്റമിൻ ഉപയോഗിച്ചിരുന്നതായാണ് ഷൈൻ പൊലീസിന് നൽകിയ മൊഴി. ലഹരി ഉപയോഗം വർധിച്ചപ്പോൾ കൂത്താട്ടുകുളത്തെ ഡി -അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരം 10 ദിവസത്തിനകം അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നു എന്നും ഷൈൻ മൊഴി നൽകി. രണ്ട് പ്രതികളാണ് കേസിലുള്ളത്. മലപ്പുറം സ്വദേശി അഹ്‍മദ് മുർഷാദ് ആണ് മറ്റൊരു പ്രതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com