നാട്ടിലെത്തിക്കുന്ന മുഴുവൻ ചെലവും വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചിരുന്നു
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ, ഡിഎൻഎ പരിശോധന ഫലം വൈകിയേക്കും. നാളെ രാവിലെയോടെ ഫലം ലഭിച്ചേക്കുമെന്നാണ് സൂചന. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മൃതദേഹത്തിൻ്റെ ഡിഎൻഎ പരിശോധന നടത്തുന്നത്. ഡിഎൻഎ ഫലം പോസിറ്റീവ് ആയാൽ മൃതദേഹത്തിൻ്റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ടു നൽകും. ഞായറാഴ്ച വീട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. കർണാടക പൊലീസ് മൃതദേഹത്തെ അനുഗമിക്കും. നാട്ടിലെത്തിക്കുന്ന മുഴുവൻ ചെലവും വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്.
72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് കാണാതായ അർജുൻ്റെ ട്രക്ക് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത്. ട്രക്കിനുള്ളിൽ നിന്ന് ലഭിച്ച അസ്ഥിക്കഷ്ണങ്ങളടക്കം ഡിഎൻഎ പരിശോധനക്ക് അയച്ചിരുന്നു. ക്യാബിനു മുന്നിലെ ചെളി നീക്കം ചെയ്യുന്നതിനിടെ അർജുൻ മകനും വാങ്ങിച്ചിരുന്ന കളിപ്പാട്ടവും മറ്റും സാധാനങ്ങളും കണ്ടെത്തിയിരുന്നു. തൻ്റെ യാത്രയിൽ ഉടനീളം മകൻ്റെ കളിപ്പാട്ടവും അർജുൻ കൂടെക്കൊണ്ടുപോയിരുന്നു. അതേസമയം, അർജുൻ പണിത വീട്ടിൽ തന്നെ മകൻ അന്തിയുറങ്ങണമെന്ന അച്ഛൻ്റെ ആഗ്രഹപ്രകാരം, വീട്ടുവളപ്പിൽ തന്നെയാണ് ശവസംസ്കാരത്തിന് ഏർപ്പാടിക്കിയിരിക്കുന്നത്.
ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിൻ്റെ വീഴ്ചയാണ് സാംപിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ ഇടയായത്. നേരത്തെ തന്നെ അർജുൻ്റെ ബന്ധുക്കളുടെ സാംപിളുകൾ ശേഖരിച്ചിരുന്നു. അർജുൻ്റെ തുടയെല്ലും നെഞ്ചിൻ്റെ ഭാഗത്തുള്ള വാരിയെല്ലിൻ്റെ ഒരുഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നെന്നെ വാർത്ത ലഭിച്ചാലുടൻ തന്നെ മൃതദേഹാവിശിഷ്ടങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.