
ഷിരൂർ ദൗത്യത്തില്‍ ഗംഗവലി പുഴയിൽ നിന്ന് ലഭിച്ച മൃതദേഹം അർജുന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്നാണ് സ്ഥിരീകരണം.
സിഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനായിരുക്കും അർജുനുമായെത്തുന്ന ആംബുലന്‍സിന്‍റെ സുരക്ഷാ ചുമതല. കാർവാർ എംഎല്‍എ സതീഷ് സെയ്‌ലും മൃതദേഹത്തെ അനുഗമിക്കും. കാർവാർ എസ്‌പി എം. നാരായണയും മൃതദേഹത്തിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമായിരിക്കുമിത്. മൃതദേഹം നാട്ടിലെത്തിക്കാനായി ആംബുലന്‍സും മൊബൈല്‍ ഫ്രീസറും മറ്റ് സൗകര്യങ്ങളും തയ്യാറാണെന്ന് അധികൃതർ അറിയിച്ചു.
കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മൃതദേഹത്തിൻ്റെ ഡിഎൻഎ പരിശോധന നടത്തിയത്. ഡിഎൻഎ ഫലം പോസിറ്റീവ് ആയതോടെ മൃതദേഹത്തിൻ്റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ടു നൽകും. ഞായറാഴ്ച വീട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. കർണാടക പൊലീസ് മൃതദേഹത്തെ അനുഗമിക്കും. നാട്ടിലെത്തിക്കുന്ന മുഴുവൻ ചെലവും വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്.
72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ ട്രക്ക് ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയത്. ട്രക്കിനുള്ളിൽ നിന്ന് ലഭിച്ച അസ്ഥി കഷണങ്ങളടക്കമാണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്. ക്യാബിനു മുന്നിലെ ചെളി നീക്കം ചെയ്യുന്നതിനിടെ അർജുൻ മകന് വാങ്ങിച്ചിരുന്ന കളിപ്പാട്ടവും മറ്റ് സാധാനങ്ങളും കണ്ടെത്തിയിരുന്നു.