കേസില്‍ സിദ്ദീഖിന്റെ ഹര്‍ജി നാളെ ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
ബലാത്സംഗ കേസില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദീഖ്. മുന്‍വിധിയോടെയാണ് തനിക്കെതിരെ അന്വേഷണം നടക്കുന്നതെന്ന് സിദ്ദീഖ് സത്യവാങ്മൂലത്തില്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.
ചോദ്യം ചെയ്യണമെന്നായിരുന്നില്ല അന്വേഷണ സംഘം അയച്ച നോട്ടീസിലുണ്ടായിരുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്യലിന് സഹകരിച്ചില്ലെന്ന രീതിയില്‍ കോടതിയില്‍ നിലപാടെടുക്കുകയായിരുന്നു എന്നും സിദ്ദീഖ് പറയുന്നു.
കേസില്‍ സിദ്ദീഖിന്റെ ഹര്‍ജി നാളെ ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. നേരത്തെ, കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാനായി കൂടുതല്‍ സമയം വേണമെന്ന് സിദ്ദിഖ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ച് കോടതി വാദം മാറ്റിവെക്കുകയായിരുന്നു. അതേസമയം, നടന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണ്.