
സീതാറാം യെച്ചൂരി ജനിക്കുമ്പോൾ വി.എസ്. അച്യുതാന്ദൻ പുന്നപ്ര വയലാർ കേസിൽ ജയിൽവാസം കഴിഞ്ഞു കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നു. യെച്ചൂരി ഒന്നാം ക്ലാസിൽ ചേരുന്ന സമയത്ത് ഒന്നാം കേരള സർക്കാരിനെ ഉപദേശിക്കുന്ന സമിതിയിലെ അംഗമാണ് വി.എസ്. പക്ഷേ, വി.എസ്. പിന്നീടുള്ള ജീവിതത്തിൽ ആർക്കെങ്കിലും ചെവി കൊടുത്തിട്ടുണ്ടെങ്കിലും ആരുടെയെങ്കിലും ഉപദേശം കേട്ടിട്ടുണ്ടെങ്കിലും അതു സീതാറാം യെച്ചൂരിയുടേതാണ്.
ALSO READ : സീതാറാം യെച്ചൂരി അന്തരിച്ചു
അസാധാരണമായിരുന്നു ആ രാഷ്ട്രീയ ബന്ധം. 32 പേർക്കൊപ്പം സിപിഐ ജനറൽ കൗൺസിലിൽ നിന്ന് വി.എസ്. അച്യുതാനന്ദൻ ഇറങ്ങിപ്പോരുമ്പോൾ പന്ത്രണ്ടു വയസ്സ് മാത്രമാണ് സീതാറാം യച്ചൂരിക്ക് പ്രായം. പത്തുവർഷം കഴിഞ്ഞ് 1974ൽ മാത്രമാണ് യെച്ചൂരി എസ്എഫ്ഐ അംഗമാകുന്നത്. 1975ലാണ് യെച്ചൂരിക്ക് സിപിഎം അംഗത്വം കിട്ടുന്നത്. പാറപ്പുറം യോഗത്തിനു പിന്നാലെ 1941ൽ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കൂട്ടായ്മ കോഴിക്കോട് നടക്കുമ്പോൾ അതിൽ പങ്കെടുത്തയാളാണ് വിഎസ്. അതേ വി.എസ്. യെച്ചൂരി എന്ന ചെറുപ്പക്കാരനോട് അതിവേഗം ശിഷ്യപ്പെട്ടു.
ഇഎംഎസ് നമ്പൂതിരിപ്പാട് ജനറൽ സെക്രട്ടറിയും വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാലത്ത് 1986 ആയപ്പോഴേക്കും കേന്ദ്ര കമ്മിറ്റിയിൽ എത്തിയ ആളാണ് സീതാറാം യെച്ചൂരി. അതേ സമ്മേളനത്തിലാണ് വി.എസും ആദ്യമായി പോളിറ്റ് ബ്യൂറോയിൽ എത്തിയത്. യെച്ചൂരിക്കൊപ്പം അതേ കമ്മിറ്റിയിൽ എത്തിയ പ്രകാശ് കാരാട്ടിനേയും എസ്.രാമചന്ദ്രൻ പിള്ളയേയും ആയിരുന്നില്ല വിഎസ് കൂടുതലായി ആശ്രയിച്ചത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ ഡൽഹിയിൽ എത്തിയപ്പോഴൊക്കെ വഴികാട്ടിയത് യെച്ചൂരി ആയിരുന്നു. 1992 മുതൽ ഇരുവരും പോളിറ്റ് ബ്യൂറോകളിൽ ഒന്നിച്ചു പങ്കെടുത്തു.
2006ൽ വിഎസിന് സ്ഥാനാർത്ഥിയാക്കാനും മുഖ്യമന്ത്രിയാക്കാനും ഏറ്റവും ശക്തമായി വാദിച്ച നേതാവ് സീതാറാം യെച്ചൂരിയായിരുന്നു. 2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ യെച്ചൂരി ജനറൽ സെക്രട്ടറി ആകണമെന്നു വാദിച്ച കേരളത്തിൽ നിന്നുള്ള ഏക നേതാവും വിഎസ് ആയിരുന്നു. മറ്റുള്ളവരെല്ലാവരും എസ്.രാമചന്ദ്രൻപിള്ളയ്ക്കായി നിലകൊണ്ടപ്പോൾ തീരുമാനം അനന്തമായി നീണ്ടു. തിരുവനന്തപുരത്തേക്കു മടങ്ങാൻ വിമാനത്താവളത്തിലേക്കുള്ള യാത്രയിലാണ് എസ്.ആർ.പി പിന്മാറിയതും യെച്ചൂരിയെ തീരുമാനിച്ചതും വിഎസ് അറിയുന്നത്. യെച്ചൂരിയെ അഭിനന്ദിക്കാനായുള്ള ആ മടങ്ങിവരവിലൂടെയാണ് വിശാഖപട്ടണത്ത് നടന്ന മത്സരത്തിന് വിഎസ് സ്ഥിരീകരണം നൽകിയത്.ഒന്നാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സദസ്സിലെത്തി യെച്ചൂരിക്കു വിഎസ് കൈമാറിയ കുറിപ്പിൽ എന്തായിരുന്നുവെന്നത് ഇന്നും ചുരുളഴിയാത്ത സമസ്യയാണ്.