
തൂണേരി ഷിബിൻ വധക്കേസിൽ ആറ് പ്രതികൾ പിടിയിൽ. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് നാളെ ഹാജരാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇവരെ വെറുതെ വിട്ട കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിലെ ഒന്നാം പ്രതിയൊഴികെയുള്ള മറ്റ് പ്രതികളാണ് നിലവിൽ കീഴടങ്ങിയിട്ടുള്ളത്. പ്രതികള്‍ക്കായി നാദാപുരം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മുസ്ലീം ലീഗ് പ്രവർത്തകരായ 17 പേരാണ് കേസിലെ പ്രതികൾ. വിചാരണക്കോടതി വെറുതെ വിട്ട പ്രതികൾക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. 2015 ജനുവരി 22നായിരുന്നു സംഘം ചേർന്നെത്തിയ പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
കേസില്‍ തെയ്യംപാടി ഇസ്മായില്‍, സഹോദരന് മുനീര്‍ എന്നീ മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രതികളായിരുന്നു. രാഷ്ട്രീയവും വര്‍ഗീയവുമായ വിരോധത്താല്‍ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്.
ഷിബിൻ്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയായ കാളിയറമ്പത്ത് അസ്ലമിനെ (20) 2016 ഓഗസ്റ്റ് 12ന് വൈകിട്ട് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കൂട്ടുകാരുമൊത്ത് ഫുട്ബോള്‍ കളിക്കാന്‍ പോകവേ ഇന്നോവയിലെത്തിയ അക്രമി സംഘം വെട്ടുകയായിരുന്നു.