കാറിനുള്ളില്‍ ആറ് പേരുടെ മൃതദേഹം; അഞ്ചു മിനുട്ടിനുള്ളില്‍ താനും മരിക്കുമെന്ന് ഗൃഹനാഥന്‍

മാതാപിതാക്കളും ഭാര്യയും മക്കളും മരിച്ചുവെന്നും താന്‍ അഞ്ച് മിനുട്ടിനുള്ളില്‍ മരിക്കുമെന്നുമായിരുന്നു പ്രതികരണം
കാറിനുള്ളില്‍ ആറ് പേരുടെ മൃതദേഹം; അഞ്ചു മിനുട്ടിനുള്ളില്‍ താനും മരിക്കുമെന്ന് ഗൃഹനാഥന്‍
Published on

ഹരിയാനയിലെ പഞ്ച്കുളയില്‍ മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ ആറ് പേരെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാറിനു പുറത്ത് അവശനിലയില്‍ കണ്ടെത്തിയ മധ്യവയ്‌സ്‌കനും പിന്നീട് മരിച്ചു. കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പഞ്ച്കുളയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഒരു വീടിനു സമീപം ഉത്തരാഖണ്ഡ് രജിസ്‌ട്രേഷനിലുള്ള കാര്‍ പാര്‍ക്ക് ചെയ്തത് കണ്ട് സമീപവാസികളാണ് ആദ്യം എത്തിയത്. കാറിനു പുറത്ത് ഒരാള്‍ അവശനിലയില്‍ ഇരിക്കുന്നു കണ്ടു. ഇദ്ദേഹത്തോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍, കാറിനുള്ളില്‍ കുടുംബമാണെന്നും താമസിക്കാന്‍ ഹോട്ടല്‍ കിട്ടാത്തതിനാല്‍ റോഡരികില്‍ നിര്‍ത്തിയിട്ടതാണെന്നുമായിരുന്നു ആദ്യം മറുപടി നല്‍കിയത്. നവീന്‍ മിത്തല്‍ എന്നാണ് പേരെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ സംശയം തോന്നിയതോടെ സമീപവാസികള്‍ കാറിനുള്ളിലേക്ക് നോക്കിയപ്പോള്‍, കുട്ടികളടക്കം ശര്‍ദിച്ച് കിടക്കുന്നതാണ് കണ്ടത്. കാറിനുള്ളില്‍ നിന്ന് കടുത്ത ദുര്‍ഗന്ധവും വമിക്കുന്നുണ്ടായിരുന്നു. ഇതോടെ, പുറത്തു കണ്ടയാളോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കൂട്ട ആത്മഹത്യയാണെന്ന് വ്യക്തമായത്. മാതാപിതാക്കളും ഭാര്യയും മക്കളും മരിച്ചുവെന്നും താന്‍ അഞ്ച് മിനുട്ടിനുള്ളില്‍ മരിക്കുമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ഡെറാഡൂണ്‍ സ്വദേശികളായ കുടുംബം പഞ്ച്കുളയിലെ ബാഗേശ്വര്‍ ദാമില്‍ ആത്മീയ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്നാണ് വിവരം. കുടുംബത്തിന് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ഇതാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്.

പ്രവീണ്‍ മിത്തല്‍ (42), മാതാപിതാക്കള്‍, പ്രവീണിന്റെ ഭാര്യ, ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളുമടക്കം മൂന്ന് മക്കള്‍ എന്നിവരാണ് മരിച്ചത്. കാറിനുള്ളില്‍ ശര്‍ദിച്ച നിലയിലായിരുന്നു ആറ് പേരുടെ മൃതദേഹങ്ങള്‍ കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. എല്ലാവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആംബുലന്‍സ് കൃത്യസമയത്ത് എത്തിയിരുന്നെങ്കില്‍ പ്രവീണ്‍ മിത്തലിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാറിനുള്ളില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക ബാധ്യതയാണ് മരണകാരണം എന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.


ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com