ടെൻഷൻ കാരണം ലഞ്ച് ഒഴിവാക്കി, കഴിച്ചത് ഒരു പഴം; പിന്നാലെ സ്വപ്ന അരങ്ങേറ്റവുമായി മുംബൈയുടെ അശ്വനി നക്ഷത്രം!

അജിൻക്യ രഹാനെ (11), റിങ്കു സിങ് (17), മനീഷ് പാണ്ഡെ (19), ആന്ദ്രെ റസ്സൽ (5) എന്നിവരെയാണ് അശ്വനി കുമാർ പുറത്താക്കിയത്.
ടെൻഷൻ കാരണം ലഞ്ച് ഒഴിവാക്കി, കഴിച്ചത് ഒരു പഴം; പിന്നാലെ സ്വപ്ന അരങ്ങേറ്റവുമായി മുംബൈയുടെ അശ്വനി നക്ഷത്രം!
Published on


ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ അത്യപൂർവ റെക്കോർഡുമായി തിളങ്ങി മുംബൈ ഇന്ത്യൻസിൻ്റെ ഇടങ്കയ്യൻ പേസർ അശ്വനി കുമാർ. ഐപിഎൽ അരങ്ങേറ്റത്തിൽ നാല് വിക്കറ്റെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ ബൗളറായാണ് മുംബൈ പേസർ മാറിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വാംഖഡെയിൽ നടന്ന മത്സരത്തിൽ മുംബൈ എട്ട് വിക്കറ്റിൻ്റെ ഗംഭീരവിജയം സ്വന്തമാക്കിയിരുന്നു. കളിയിലെ താരമായി മാറിയതും മൊഹാലിക്കാരൻ അശ്വനി കുമാറായിരുന്നു.



അരങ്ങേറ്റത്തിൽ മൂന്ന് ഓവറിൽ 24 റൺസ് മാത്രം വിട്ടുനൽകിയാണ് അശ്വനി കുമാർ നാലു നിർണായക വിക്കറ്റുകൾ വീഴ്ത്തിയത്. അജിൻക്യ രഹാനെ (11), റിങ്കു സിങ് (17), മനീഷ് പാണ്ഡെ (19), ആന്ദ്രെ റസ്സൽ (5) എന്നിവരെയാണ് അശ്വനി കുമാർ പുറത്താക്കിയത്.



ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന ഫാസ്റ്റ് ബൗളറാണ് അശ്വനി കുമാർ. 23 വയസാണ് പ്രായം. 2001 ഓഗസ്റ്റ് 29ന് മൊഹാലിയിലെ ജഞ്ചേരിയിലാണ് ജനനം. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്. വേരിയേഷനുകളിലൂടെ എതിരാളികൾക്ക് വെല്ലുവിളി ഉയർത്താൻ കഴിയുന്ന പ്രതിഭാശാലിയായ ബൗളറാണ് അദ്ദേഹം.

2022ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിനായി അരങ്ങേറ്റം കുറിച്ച താരം നാല് മത്സരങ്ങൾ കളിച്ചു. ടൂർണമെന്റിൽ 8.5 എന്ന എക്കണോമിയിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. പഞ്ചാബിനു വേണ്ടി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നാല് ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2024ൽ പഞ്ചാബ് കിംഗ്സ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഫ്രാഞ്ചൈസിക്ക് വേണ്ടി ഒരു മത്സരത്തിൽ പോലും കളിക്കാനായിരുന്നില്ല. ഐപിഎൽ 2025 മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്കാണ് അശ്വനി കുമാറിനെ വാങ്ങിയത്.



2023ലെ ഷേർ ഇ പഞ്ചാബ് ടി20 ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കളിക്കാരനായിരുന്നു അശ്വനി കുമാർ. ഒപ്പം തന്റെ ടീമിനെ കിരീടത്തിലേക്ക് നയിക്കാനും താരം സഹായിച്ചു. ഈ പ്രകടനമികവ് മുംബൈ ഇന്ത്യൻസ് സ്കൗട്ടുകൾ കണ്ടെത്തി. പിന്നാലെ 2025ലെ ഐപിഎൽ സീസണിലേക്ക് ഫ്രാഞ്ചൈസിയിൽ അദ്ദേഹത്തെ ഒപ്പുവെപ്പിച്ചു.

അരങ്ങേറ്റ മത്സരദിനത്തിൽ അതിയായ ടെൻഷനിലായിരുന്നു അശ്വനി കുമാർ. അതിയായ സമ്മർദ്ദം കാരണം ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാനായില്ലെന്ന് താരം വെളിപ്പെടുത്തി. മത്സരത്തിന് മുന്നോടിയായി ഒരു പഴം മാത്രമാണ് കഴിച്ചതെന്നും ഡ്രീം ഡെബ്യൂട്ടിന് ശേഷം താരം വെളിപ്പെടുത്തി. ഇടങ്കയ്യൻ ബാറ്ററും കൂടിയാണ് താരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com