
ക്ഷേത്രത്തിൽ പ്രവേശിക്കാൻ മേൽവസ്ത്രം മാറ്റണമെന്ന രീതി അനാചാരം എന്ന് എസ്എൻ ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി. മുമ്പ് ഷർട്ട് ഊരിച്ചത് പൂണൂൽ ഉണ്ടോ എന്നറിയാനാണ് ഇതിന് മാറ്റം വേണമെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു. 92ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മഹാസമ്മേളനം ഉദ്‌ഘാടന വേദിയിലായിരുന്നു പരാമർശം.
സച്ചിദാനന്ദ സ്വാമിയുടെ ആഹ്വാനം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ക്ഷേത്രങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനിടെ സനാതന ധർമ്മത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു.
സനാതന ഹിന്ദുത്വം എന്ന പ്രയോഗം തന്നെ ശരിയല്ല. പഴയ ബ്രാഹ്മണിക്കൽ രാജഭരണ കാലത്തേക്ക് ഉള്ള പോക്കാണ് അത്. സനാതന ഹിന്ദുത്വം ജനാധിപത്യപരമല്ല. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മുദ്രാവാക്യം പോലും ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് മുമ്പുള്ള വാക്കുകൾ പശുവിനും ബ്രാഹ്മണനും സുഖമുണ്ടാകട്ടെ എന്നാണ്. അവർക്ക് സുഖമുണ്ടായാൽ ലോകത്തിനും സുഖമുണ്ടാകും എന്നാണ് പൂർണ അർത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു.