ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസേഴ്സിനെ കണ്ണടച്ച് വിശ്വസിക്കാൻ വരട്ടെ, ഇത് ഡീഇൻഫ്ലുവെൻസിങ്ങിൻ്റെ കാലം!

സ്കിൻ കെയർ പ്രൊഡക്ടുകൾ മുതൽ, ഇൻഫ്ലുവെൻസേഴ്സ് ട്രെൻഡിങ്ങാക്കിയ ആക്സസറികളുടെയും, വസ്ത്രങ്ങളുടെയും സത്യാവസ്ഥ ഡീഇൻഫ്ലുവെൻസേഴ്സിങ് ട്രെൻഡ് വഴി പുറത്തെത്തുന്നുണ്ട്
ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസേഴ്സിനെ കണ്ണടച്ച് വിശ്വസിക്കാൻ വരട്ടെ, ഇത് ഡീഇൻഫ്ലുവെൻസിങ്ങിൻ്റെ കാലം!
Published on

എന്തും ഏതും വാങ്ങാൻ ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസേഴ്സ് നമ്മെള സ്വാധീനിക്കുന്ന കാലം കഴിഞ്ഞെന്നാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ട്രെൻഡ് പറയുന്നത്. അനാവശ്യമായി പൊക്കി പറഞ്ഞ്, ഇൻഫ്ലുവെൻസേഴ്സ് നമ്മളെ കൊണ്ട് വാങ്ങിപ്പിക്കുന്ന പല ഉത്പന്നങ്ങളുടെയും സത്യാവസ്ഥ പുറത്തെത്തിച്ച്, നിങ്ങൾ എന്തുകൊണ്ട് ഈ പ്രൊഡക്ട് വാങ്ങരുതെന്ന് വ്യക്തമാക്കുന്നവരാണ് ഡീഇൻഫ്ലുവെൻസേഴ്സ് എന്ന് വിളിക്കപ്പെടുന്ന, പുതിയ കോണ്ടൻ്റ് ക്രിയേറ്റേഴ്സ്.


സ്കിൻ കെയർ പ്രൊഡക്ടുകൾ മുതൽ, ഇൻഫ്ലുവെൻസേഴ്സ് ട്രെൻഡിങ്ങാക്കിയ ആക്സസറികളുടെയും, വസ്ത്രങ്ങളുടെയും സത്യാവസ്ഥ ഡീഇൻഫ്ലുവെൻസേഴ്സിങ് ട്രെൻഡ് വഴി പുറത്തെത്തുന്നുണ്ട്. സിംപിളായി പറഞ്ഞാൽ ഇൻഫ്ലുവെൻസേഴ്സ് സോഷ്യൽ മീഡിയ വഴി ഉപയോക്താക്കളെ സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുമ്പോൾ, അത് എന്തുകൊണ്ട് വാങ്ങരുതെന്ന് വ്യക്തമാക്കുന്നവരാണ് ഡീഇൻഫ്ലുവെൻസേഴ്സ്.

പ്രാദേശിക കമ്പനികൾ മുതൽ ഇൻ്റർനാഷണൽ ബ്രാൻഡുകൾ വരെ ലക്ഷകണക്കിന് രൂപ ചെലവാക്കിയാണ് ഇൻഫ്ലുവെൻസേഴ്സിലൂടെ അവരുടെ പ്രൊഡക്ടുകൾ പ്രമോട്ട് ചെയ്യുന്നത്. ഒരു അടുത്ത സുഹൃത്ത് നൽകുന്ന നിർദേശമെന്ന പോലെ, ഇൻഫ്ലുവെൻസേഴ്സിനെ നമ്മൾ വിശ്വസിക്കുകയും, ആ പ്രൊഡക്ട് വാങ്ങുകയും ചെയ്യും. എന്നാൽ പലപ്പോഴും റീലുകളിൽ കണ്ട ഗുണം ആ പ്രൊഡക്ടിന് ഉണ്ടാവണമെന്നില്ല. ഇതോടെ സോഷ്യൽ മീഡിയ വഴി ഇൻഫ്ലുവേൻസേഴ്സ് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാവാറുമുണ്ട്.

ഇത്തരത്തിൽ ഇൻസ്റ്റഗ്രാം റീൽ വഴി മുടി ചുരുട്ടാനുള്ള പ്രൊഡക്ട് വാങ്ങി പറ്റിക്കപ്പെട്ട ഡയാന വീബി എന്ന പെൺകുട്ടിയാണ് ഡീഇൻഫ്ലുവെൻസിങ് ട്രെൻഡിന് തുടക്കം കുറിക്കുന്നത്. പിന്നാലെ ഡയാന വിഷയത്തെ കുറിച്ച് ഒരു ടിക്ടോക് വീഡിയോയും പോസ്റ്റ് ചെയ്തു. ഡയാന സ്ഥിരമായി ഡീഇൻഫ്ലുവെൻസിങ് വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ഡീഇൻഫ്ലുവെൻസിങ് ട്രെൻഡ് ആരംഭിക്കുന്നത്. ഡയാനയുടെ പാത പിന്തുടർന്ന് പല ഇൻഫ്ലുവെൻസേഴ്സും ഡീഇൻഫ്ലുവെൻസിങ് വീഡിയോകൾ പോസ്റ്റ് ചെയ്യാനും ആരംഭിച്ചു.


ഇൻഫ്ലുവൻസിങ് വഴി എങ്ങനെ ഒരു പ്രൊഡക്ടിനെ പ്രമോട്ട് ചെയ്യുന്നോ അതേ തരത്തിൽ, ഡീഇൻഫ്ലുവൻസിങ് ഉത്പന്നങ്ങളെ ഡിഗ്രേഡ് ചെയ്യുന്ന സാധ്യതയും തള്ളികളയാനാവില്ല. ഡീഇൻഫ്ലുവെൻസിങ് വഴി എല്ലാ ഉത്പന്നങ്ങളുടെയും നെഗറ്റീവ് വശങ്ങൾ മാത്രം പ്രൊപഗേറ്റ് ചെയ്യപ്പെടുന്നെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ എല്ലാ കമ്പനികളും ഡീഇൻഫ്ലുവെൻസിങിനെ ഒരു വേക്ക്അപ്പ് കോളായി കണ്ട്, പ്രൊഡക്ടുകളുടെ ക്വാളിറ്റിയിൽ യാതൊരു കോംപ്രമൈസും വരാതെ ശ്രദ്ധിക്കണമെന്നാണ് ഇൻ്റർനെറ്റ് ലോകം പറയുന്നത്.

ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ ഷോപ്പിങ് ഒരാളുടെ അഭിപ്രായത്തിനോ നിർദേശത്തിനോ, പിയർ പ്രഷറിനോ മാത്രം ഒതുങ്ങിപോകരുതെന്ന സന്ദേശമാണ് ഡീഇൻഫ്ലുവെൻസേഴ്സ് നൽകുന്നത്. ഡീഇൻഫ്ലുവെൻസിങ് ട്രെൻഡോടെ ഇൻഫ്ലുവെൻസർ മാർക്കറ്റിങ് പൂർണമായും അവസാനിക്കില്ല. എന്തായാലും പണം കിട്ടുമെന്ന ഉറപ്പിൻമേൽമാത്രം ഒരു പ്രൊഡക്ട് നല്ലതാണെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുന്ന പരിപാടി ഇനി കുറയുമെന്നതിൽ സംശയമില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com