യൂനിനെതിരായ ഇംപീച്ച്‌മെൻ്റ് ശരിവയ്ക്കണമോ എന്നത് 180 ദിവസത്തിനുള്ളില്‍ ഭരണഘടനാ കോടതി തീരുമാനിക്കും. 9 അംഗ കോടതിയിൽ 7 അംഗങ്ങൾ തീരുമാനം ശരിവെച്ചാൽ പ്രസിഡൻ്റ് പുറത്താകും.
ഒടുവിൽ ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് പുറത്തേക്ക്. പട്ടാളനിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട പ്രസിഡൻ്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. ഇംപീച്ച് ചെയ്യപ്പെട്ടതോടെ യോളിന്റെ പ്രസിഡൻഷ്യൽ അധികാരങ്ങൾ റദ്ദായി. പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂവിനാണ് പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല.സിയോളില്‍ നടന്ന ദേശീയ അസംബ്ലി പ്ലീനറി സെഷനിലാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിനെ ഇംപീച്ച് ചെയ്യാനുള്ള വോട്ടെടുപ്പ് നടന്നത്.
300 പാർലമെൻ്റ് അംഗങ്ങളിൽ 204 പേർ ഇംപീച്ചുമെൻ്റീനെ അനുകൂലിച്ചപ്പോൾ 85 പേർ എതിർത്തു. മൂന്ന് നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നാലു വോട്ടുകള്‍ അസാധുവായി. ഇതോടെ യൂനിൻ്റെ പ്രസിഡൻഷ്യൽ അധികാരവും ചുമതലകളും റദ്ദായി. യൂനിനെതിരായ ഇംപീച്ച്‌മെൻ്റ് ശരിവയ്ക്കണമോ എന്നത് 180 ദിവസത്തിനുള്ളില്‍ ഭരണഘടനാ കോടതി തീരുമാനിക്കും. 9 അംഗ കോടതിയിൽ 7 അംഗങ്ങൾ തീരുമാനം ശരിവെച്ചാൽ പ്രസിഡൻ്റ് പുറത്താകും.
ഇംപീച്ച്മെന്റ് പാസായതോടെ പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂ ഇടക്കാല പ്രസിഡൻ്റായി ചുമതലയേറ്റു. ഭരണഘടന പ്രകാരം, പ്രധാനമന്ത്രി ചുമതലയേറ്റ് 60 ദിവസത്തിനകം പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. കഴിഞ്ഞയാഴ്ച നടന്ന ഇംപീച്ച്മെൻ്റ് പ്രമേയത്തെ യൂൻ സുക് യോൾ അതിജീവിച്ചിരുന്നു. പ്രമേയം പാസാക്കാൻ 300 സീറ്റുകളുള്ള പാർലമെൻ്റിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ട് ആവശ്യമായിരുന്നു. ഈ 200 വോട്ടുകൾ നേടുന്നതിന് പ്രതിപക്ഷത്തിന് ആവശ്യമായിരുന്നത് എട്ട് ഭരണകക്ഷി എംപിമാരെയും. ഒടുവില്‍ വോട്ടെടുപ്പിന്‍റെ ഭാഗമായത് 3 ഭരണകക്ഷി എംപിമാരാണ്.
അപ്പോഴും 200 വോട്ടുവേണ്ടയിടത്ത് ബാലറ്റില്‍ വീണത് 195 വോട്ടുകള്‍ മാത്രം. ഭരണകക്ഷി എംപിമാർ ഇംപീച്ച്മെന്‍റിനെ എതിർത്ത് വോട്ടുചെയ്യുകയും ചെയ്തു. പ്രമേയം പരാജയപ്പെട്ടതോടെയാണ് ശനിയാഴ്ച വീണ്ടും ഇംപീച്ച്മെൻ്റ് നടത്തിയത്. ഡിസംബർ ഏഴിനു മുന്നറിയിപ്പകളൊന്നുമില്ലാതായിരുന്നു , പ്രസിഡൻ്റ് യൂൻ സുക് യോൾ ദക്ഷിണകൊറിയയിൽ പട്ടാളഭരണം പ്രഖ്യാപിച്ചത്. പാർലമെൻ്റിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നുവെന്നും ഇത് രാജ്യ വിരുദ്ധ പ്രവർത്തനങ്ങളാണെന്ന് വാദിച്ചുകൊണ്ടായിരുന്നു പട്ടാള നിയമ പ്രഖ്യാപനം.
1980 കളുടെ അവസാനത്തിൽ രാജ്യത്ത് സൈനിക സ്വേച്ഛാധിപത്യം അവസാനിപ്പിച്ചതിനു ശേഷം ഇതാദ്യമായിരുന്നു രാജ്യത്ത് പട്ടാള നിയമം ഏർപ്പെടുത്തിയത്. എന്നാൽ സ്വന്തം പാർട്ടിയിൽ നിന്നു തന്നെ പ്രതിഷേധങ്ങൾ ഉയർന്നതോടെ ആറു മണിക്കൂറിനുള്ളിൽ പട്ടാള നിയമം പിൻവലിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ അധികാരങ്ങൾ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യങ്ങളും ഉയർന്നു. ഇംപീച്ചുമെൻ്റിനു മുന്നോടിയായി രാജ്യത്തോട് പരസ്യമായി മാപ്പു പറഞ്ഞെങ്കിലും രാജിവെയ്ക്കാൻ യൂൻ തയ്യാറായില്ല. ഈ നീക്കത്തിനു പിന്നാലെ വലിയ പ്രതിഷേധമാണ് ദക്ഷിണ കൊറിയയില്‍ ഉണ്ടായത്.