"ജനീഷ് കുമാറിന്‍റെ ഇടപെടൽ അന്വേഷണം തടസപ്പെടുത്തി"; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ദക്ഷിണ മേഖല CCFന്‍റെ റിപ്പോർട്ട്

അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ആളെ എംഎൽഎ ബലമായി പിടിച്ചിറക്കി കൊണ്ടുപോയെന്നാണ് റിപ്പോർട്ടിലെ പരാമർശം
കെ.യു. ജനീഷ് കുമാർ
കെ.യു. ജനീഷ് കുമാർ
Published on

പാടം ഫോറസ്റ്റ് സ്റ്റേഷൻ സംഭവത്തിൽ എംഎൽഎ കെ.യു. ജനീഷ് കുമാറിന് വീഴ്ച പറ്റിയെന്ന് ദക്ഷിണ മേഖല സിസിഎഫിൻ്റെ റിപ്പോർട്ട്. എംഎൽഎയുടെ ഇടപെടൽ മൂലം കേസ് അന്വേഷണം തടസപ്പെട്ടു എന്നും വനംവകുപ്പുദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം. നിയമപരമല്ലാതെ ആളുകളെ കസ്റ്റഡിയിലെടുത്തു എന്ന ജനീഷ് കുമാറിൻ്റെ വാദത്തെ ബലപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നതിനു പിന്നാലെയാണ് എംഎൽഎയ്‌ക്കെതിരായ സിസിഎഫ് റിപ്പോർട്ട്.



അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ആളെ എംഎൽഎ ബലമായി പിടിച്ചിറക്കി കൊണ്ടുപോയെന്നാണ് റിപ്പോർട്ടിലെ പരാമർശം. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം വനമന്ത്രി എ.കെ. ശശീന്ദ്രനാകും തുടർനടപടികൾ സ്വീകരിക്കുക. ഇതിനിടെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് വനം വകുപ്പിന്റെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആറുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.



അതേസമയം, വന്യജീവി ആക്രമണങ്ങളിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് നടത്തി. വനപാലകർക്കെതിരെ കേസെടുക്കണമെന്നും വിരട്ടാൻ നോക്കണ്ട, ശക്തമായി നേരിടാൻ തന്നെയാണ് സിപിഐഎം തീരുമാനമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു പറഞ്ഞു.

കെ.യു. ജനീഷ് കുമാറിനെ പരിഹസിച്ച് കേരള ഫോറസ്റ്റ് റെയിഞ്ചേഴ്സ് അസോസിയേഷൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ജനീഷ് കുമാർ മുൻകൈയെടുത്ത് വനം വകുപ്പിനെ പിരിച്ചുവിടണമെന്നും കടുവകളെയും പുലിയെയും കൊന്ന് പശ്ചിമഘട്ടം പിടിച്ചടക്കണമെന്നുമായിരുന്നു പോസ്റ്റിലെ പരാമർശം. പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com