fbwpx
'ആത്മഹത്യാ പേടക'ത്തില്‍ നടന്നത് കൊലപാതകമോ? ദുരൂഹതയുണര്‍ത്തി സ്വിറ്റ്സര്‍ലൻഡിലെ സാര്‍ക്കോ ഡെത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 04 Nov, 2024 07:24 PM

ലോകത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാര്‍ക്കോയിലെ ആദ്യത്തെ രേഖപ്പെടുത്തിയ 'മരണം' നടന്നത് സെപ്റ്റംബര്‍ 23നായിരുന്നു

WORLD


അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായ ഒന്നായിരുന്നു സ്വിറ്റ്‌സര്‍ലൻഡിലെ ആത്മഹത്യാ പേടകമായ സാര്‍ക്കോ. പേടകത്തില്‍ കയറി കിടന്ന് സ്വിച്ചിട്ടാല്‍ 30 സെക്കന്റിനുള്ളില്‍ മരണം സംഭവിക്കുന്ന ഉപകരണമാണ് സാര്‍ക്കോ. ഫ്രീ ഡെത്ത് ആക്ടിവിസ്റ്റായ ഡോ. ഫിലിപ് നിഷ്‌കെയാണ് ഈ പേടകത്തിന്റെ ഉപജ്ഞാതാവ്.

ലോകത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാര്‍ക്കോയിലെ ആദ്യത്തെ രേഖപ്പെടുത്തിയ 'മരണം' നടന്നത് സെപ്റ്റംബര്‍ 23 നായിരുന്നു. 64 കാരിയായ സ്ത്രീയാണ് സ്വയം മരണംവരിക്കാന്‍ സാര്‍ക്കോ തെരഞ്ഞെടുത്തത്. ഭേദമാക്കാന്‍ കഴിയാത്ത രോഗമുള്ളവര്‍ക്ക് ഡോക്ടറുടെ സാക്ഷ്യപത്രത്തോടെ ദയാവധം അനുവദിച്ചിട്ടുള്ള രാജ്യമാണ് സ്വിറ്റ്‌സര്‍ലൻഡ്. മരുന്ന് നല്‍കിയോ കുത്തിവെപ്പിലൂടെയോ ദയാവധം നടപ്പാക്കുകയാണ് സാധാരണ രീതി.

ഇങ്ങനെ, സ്വയം മരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 'അന്തസ്സായ മരണം' എന്നതായിരുന്നു സാര്‍ക്കോയിലൂടെ ഫിലിപ് നിഷ്‌കെയുടെ വാഗ്ദാനം. എന്നാല്‍, സാര്‍ക്കോയിലെ ആദ്യ മരണത്തില്‍ തന്നെ പല പൊരുത്തക്കേടുകളും ദുരൂഹതകളും ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

വായു കടക്കാത്ത പേടകത്തിനുള്ളില്‍ കയറി ഒരു സ്വിച്ച് അമര്‍ത്തിയാല്‍ നൈട്രജന്‍ നിറയും. ഇതോടെ, ശരീരത്തിലേക്ക് ഓക്‌സിജന്‍ എത്തുന്നത് തടസപ്പെട്ട് മുപ്പത് സെക്കന്റിനുള്ളില്‍ മരണം സംഭവിക്കുമെന്നായിരുന്നു സാര്‍ക്കോയുടെ അവകാശവാദം. പക്ഷേ, സാര്‍ക്കോയില്‍ മരണപ്പെട്ട 64 കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.

കഴുത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടിലുള്ളത്. യന്ത്രത്തിന്റെ തകരാറോ, അതല്ലെങ്കില്‍ മരണത്തില്‍ ബാഹ്യ ഇടപെടല്‍ നടന്നതിന്റെയോ സൂചനയാണ് നല്‍കുന്നതെന്ന് ഡച്ച് മാധ്യമമായ ഡി വോള്‍ക്‌സ്‌ക്രന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 23 നാണ് മെറിഷൗസണിലെ ആളൊഴിഞ്ഞ വനമേഖലയില്‍ സജ്ജീകരിച്ച പേടകത്തില്‍ സ്ത്രീയെ പ്രവേശിപ്പിച്ചത്. ജര്‍മ്മന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണിത്.


Also Read: ഏഷ്യൻ ബേബി ഫുഡിൽ മറഞ്ഞിരിക്കുന്ന പഞ്ചസാര ആശങ്കകൾക്ക് വഴിവെക്കുന്നു; റിപ്പോർട്ട്


മരണത്തെ കുറിച്ച് വിവരം ലഭിച്ച സ്വിസ് പൊലീസ് സംഭവ സ്ഥലത്തെത്തി പേടകത്തിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. 'ദി ലാസ്റ്റ് റിസോര്‍ട്ട്' എന്ന സംഘടനയാണ് പേടകം പ്രവര്‍ത്തിപ്പിച്ചത്. പൊലീസ് മൃതദേഹം പുറത്തെടുക്കുന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നത് ലാസ്റ്റ് റിസോര്‍ട്ടിന്റെ പ്രസിഡന്റ് ഡോ. ഫ്‌ളോറിയന്‍ വില്ലറ്റ് മാത്രമായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം ഉയര്‍ന്നതോടെ, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോ. വില്ലറ്റിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പേടകത്തിനുള്ളില്‍ സ്ത്രീയുടെ മരണം ഉദ്ദേശിച്ചതു പോലെ ആയിരിക്കില്ല സംഭവിച്ചതെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നത്. മനപൂര്‍വമായ നരഹത്യയുടെ സാധ്യതയും ഉദ്യോഗസ്ഥന്‍ തള്ളിക്കളയുന്നില്ലെന്ന് ഡി വോള്‍ക്‌സ്‌ക്രന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്വാസംമുട്ടിയുള്ള മരണമാണെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ചാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

മരണം സംഭവിക്കുന്നതിനു മുമ്പ് നിരവധി തവണ പേടകം അടയ്ക്കുകയും തുറക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. സ്ത്രീയുടെ കഴുത്തില്‍ സാരമായ പരിക്കുകള്‍ ഉണ്ടെന്ന് ഫോറന്‍സിക് വിദഗ്ധരും കോടതിയില്‍ മൊഴി നല്‍കി.


Also Read: കൊവിഡ് മഹാമാരിയേയും പിന്തള്ളി; ഏറ്റവും മാരകരോഗമായി ക്ഷയരോഗം മാറുന്നു, കണക്കുകൾ പുറത്തുവിട്ട് ലോകാരോഗ്യസംഘടന


മരണ സമയത്ത് സ്ഥലത്ത് രണ്ട് ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. ഒന്ന് പേടകത്തിനുള്ളിലും മറ്റൊന്ന് സമീപത്തെ മരത്തിലുമാണ് ഘടിപ്പിച്ചിരുന്നത്. കണ്‍ട്രോള്‍ ബട്ടണില്‍ ഫോക്കസ് ചെയ്തായിരുന്നു പേടകത്തിനുള്ളിലെ ക്യാമറ സെറ്റ് ചെയ്തത്. തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്യാന്‍ സജ്ജീകരിക്കാത്ത മോഷന്‍-ആക്റ്റിവേറ്റ് ക്യാമറകളായിരുന്നു രണ്ടും. ഇത് തെളിവ് കണ്ടെത്തുന്നതിന് തിരിച്ചടിയായി. ക്യാമറയിലെ ദൃശ്യങ്ങള്‍ അവലോകനം ചെയ്ത ഡി വോക്സ്‌ക്രാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്, സ്ത്രീ ബട്ടണ്‍ അമര്‍ത്തി രണ്ട് മിനിറ്റിനുശേഷം ക്യാമറ രണ്ട് തവണ പ്രവര്‍ത്തിച്ചുവെന്നാണ്. എന്നാലും എന്താണ് സംഭവിച്ചതെന്ന് ക്യാമറ ആംഗിള്‍ വ്യക്തമായി കാണിച്ചില്ല.

അതേസമയം, പേടകത്തിനുള്ളിലെ ബട്ടണ്‍ അമര്‍ത്തി ഏകദേശം രണ്ട് മിനുട്ടിന് ശേഷം സ്ത്രീയുടെ ശരീരം ശക്തമായി ഞെരുങ്ങുന്നതായി കാണപ്പെട്ടുവെന്ന് ഡോ. വില്ലറ്റ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. നൈട്രജന്‍ ഉള്‍പ്പെടുന്ന മരണങ്ങളിലെ സ്വാഭാവിക പ്രക്രിയയാണിത്. ആറര മിനിറ്റിന് ശേഷം, പേടകത്തിന്റെ ഐപാഡ് ഉച്ചത്തിലുള്ള അലാറം പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ സമയത്ത് പേടകത്തിന്റെ ഉപജ്ഞാതാവ് ഡോ. ഫിലിപ് നിഷ്‌കെയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു ഡോ. വില്ലറ്റ്. സ്ത്രീക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ഫോണിലൂടെ വില്ലറ്റ് നിഷ്‌കെയെ അറിയിച്ചതെന്നാണ് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നത്.

അല്‍പസമയത്തിനു ശേഷം അലാറം തനിയെ നിലച്ചു. 30 മിനുട്ടിനു ശേഷമാണ് മരണം സംഭവിച്ചതെന്ന് ഡോ. വില്ലറ്റ് സ്ഥിരീകരികരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ പരസ്യപ്രതികരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഡോക്ടറുടെ അനുമതി പത്രത്തോടെയുള്ള ദയാവധം സ്വിസ് നിയമം അനുവദിക്കുന്നുണ്ടെങ്കിലും മരണത്തിലെ ബാഹ്യ ഇടപെടലുകള്‍ നിയമവിരുദ്ധമാണ്.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


KERALA
ഇന്ന് സംസ്ഥാന ബജറ്റ്: പ്രതീക്ഷയോടെ കേരളം
Also Read
user
Share This

Popular

KERALA
WORLD
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ