ഭരണ-പ്രതിപക്ഷ എംപിമാരുടെ ഏറ്റുമുട്ടല്‍; പാര്‍ലമെൻ്റ് കവാടത്തിലെ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍

പാർലമെൻ്റിലേക്കുള്ള പ്രവേശന കവാടങ്ങൾ ഉപരോധിക്കുകയോ പ്രതിഷേധം സംഘടിപ്പിക്കുകയോ ചെയ്യരുതെന്നും സ്പീക്ക‍ർ എല്ലാ എംപിമാർക്കും നിർദേശം നൽകി
ഭരണ-പ്രതിപക്ഷ എംപിമാരുടെ ഏറ്റുമുട്ടല്‍; പാര്‍ലമെൻ്റ് കവാടത്തിലെ 
പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍
Published on

പാർലമെൻ്റ് കവാടങ്ങളിലെ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏ‍ർപ്പെടുത്തി സ്പീക്കർ ഓം ബിർള. കഴിഞ്ഞ ദിവസം ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെയാണ് സ്പീക്കറുടെ തീരുമാനം. പാർലമെൻ്റിലേക്കുള്ള പ്രവേശന കവാടങ്ങൾ ഉപരോധിക്കുകയോ പ്രതിഷേധം സംഘടിപ്പിക്കുകയോ ചെയ്യരുതെന്നും സ്പീക്ക‍ർ എല്ലാ എംപിമാർക്കും നിർദേശം നൽകി.

അംബേദ്കർ വിഷയത്തിൽ എൻഡിഎയുടെയും പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിലെയും എംപിമാർ കഴിഞ്ഞ ദിവസം വെവ്വേറെ പ്രതിഷേധ മാർച്ചുകൾ നടത്തിയിരുന്നു. പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് ഇരുവരും ഏറ്റുമുട്ടിയതോടെ, സംഘർഷാവസ്ഥ ഉടലെടുക്കുകയും ബിജെപി എംപി പ്രതാപ് സാരംഗിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. നെറ്റിയിൽ പരുക്കേറ്റ പ്രതാപ് സാരം​ഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി സാരംഗിയെ പിടിച്ച് തള്ളിയെന്ന് ബിജെപി എംപിമാർ ആരോപിച്ചു. മറ്റൊരു ബിജെപി എംപി മുകേഷ് രാജ്പുത്തിനും പരുക്കേറ്റിട്ടുണ്ട്.

എന്നാൽ, താൻ പാ‍ർലമെൻ്റിനകത്തേക്ക് പ്രവേശിക്കുമ്പോൾ, ബിജെപി എംപിമാ‍ർ തന്നെ തടയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്ന് രാഹുൽ ​ഗാന്ധി പ്രതികരിച്ചു. പാർലമെൻ്റിലേക്ക് കയറാനുള്ളത് തങ്ങളുടെ അവകാശമാണെന്നും രാഹുൽ ​ഗാന്ധി പ്രതികരിച്ചു. അംബേദ്കറെക്കുറിച്ചുള്ള പരാമർശത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും നിർത്തിവെച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com