"സർക്കാരിൻ്റെ ഭാഗത്ത് നിന്നു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. മെസി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്"
അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള പര്യടനം പ്രതിസന്ധിയിലാക്കിയത് സ്പോൺസർമാർ എന്ന് ആവർത്തിച്ച് കായിക മന്ത്രി. പ്രശ്നം സർക്കാരിൻ്റേതല്ല. കമ്പനി കരാർ ലംഘിച്ചതാണ് പ്രശ്നം. മെസിപ്പട വരും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പ്രതികരിച്ചു.
"ടീമിനെ കൊണ്ടുവരുന്നത് വലിയ സാമ്പത്തിക ചെലവുള്ള കാര്യമാണ്. 175 കോടി രൂപയോളം ചെലവ് വരും. അതുകൊണ്ടാണ് സ്പോൺസർമാരെ തേടിയത്. സർക്കാരിൻ്റെ ഭാഗത്ത് നിന്നു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. അർജൻ്റീന ടീമുമായി കരാർ ഒപ്പിട്ടുണ്ട്. മെസി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. അടുത്ത ആഴ്ച വരെ കാത്തിരിക്കാം," വി. അബ്ദുറഹ്മാൻ പ്രതികരിച്ചു.
ALSO READ: ആരാധകർക്ക് നിരാശ; അർജൻ്റീനയും മെസിയും കേരളത്തിലേക്കില്ല
സംഭവത്തിൽ സ്പോൺസർമാരിൽ നിന്ന് വിശദീകരണം തേടാനൊരുങ്ങുകയാണ് സംസ്ഥാന കായിക വകുപ്പ്. വിശദീകരണം തേടി സ്പോൺസർമാർക്ക് കത്തയക്കും. ജനുവരിയിൽ പണം നൽകാം എന്നായിരുന്നു സ്പോൺസർമാർ അറിയിച്ചിരുന്നത്. നിശ്ചിത സമയത്തും സ്പോൺസർമാർ തുക നൽകിയില്ല എന്നാണ് കായിക വകുപ്പിൻ്റെ വിശദീകരണം. മെസിയെയും സംഘത്തെയും എത്തിക്കാനുള്ള ശ്രമം തുടരുമെന്നാണ് കായിക വകുപ്പ് അറിയിക്കുന്നത്.
ഒക്ടോബർ, നവംബർ മാസങ്ങളിലായി രണ്ട് മത്സരങ്ങൾ കേരളത്തിൽ കളിക്കാനായിരുന്നു അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നത്. 300 കോടിയിലധികം രൂപയായിരുന്നു ആകെ ചെലവ്. സംസ്ഥാന സർക്കാർ മൂന്ന് സ്പോൺസർമാരെ പരിപാടിക്കായി കണ്ടെത്തിയിരുന്നു. 300 കോടിയിൽ 200 കോടിയോളം രൂപ അർജൻ്റീന ടീമിന് നൽകേണ്ട തുകയാണ്. കരാർ പ്രകാരം തുക നൽകേണ്ട സമയം അവസാനിച്ചിട്ടും പണം ലഭിക്കാത്തതോടെ അർജൻ്റീന ടീം നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ കൊട്ടിഘോഷിച്ച് മെസിയെ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത കായികവകുപ്പും വെട്ടിലായിരിക്കുകയാണ്.