SPOTLIGHT | റാഗിങ് എന്ന തുടച്ചുനീക്കേണ്ട കൊടിയ അനാചാരം

വിദ്യാര്‍ത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഏതറ്റം വരെയും സംരക്ഷിക്കണം. സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പാക്കണം. പക്ഷേ, നാട്ടുനടപ്പാണെന്ന പേരില്‍ റാഗിങ് പോലുള്ള അനാചാരങ്ങളുമായി നടക്കുന്നവര്‍ താമസിക്കേണ്ടത് കോളജ് ഹോസ്റ്റലുകളിലല്ല, സെന്‍ട്രല്‍ ജയിലുകളിലാണ്
SPOTLIGHT | റാഗിങ് എന്ന തുടച്ചുനീക്കേണ്ട കൊടിയ അനാചാരം
Published on

റാഗിങ് അവസാനിപ്പിക്കണമെന്ന നിരവധി വിധികള്‍ക്കു ശേഷം സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടു തന്നെ വര്‍ഷം പതിനഞ്ചായി. റാഗിങ് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച ചട്ടങ്ങളും ആരും കാര്യമാക്കുന്നില്ല. ഓരോ ക്യാംപസിലും റാഗിങ് വിരുദ്ധ സമിതി വേണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല. റാഗിങ് പരിധിയില്‍ എന്തൊക്കെ വരുമെന്ന കാര്യത്തില്‍ പോലും വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ക്കോ പൊലീസിനോ ധാരണയില്ല. ക്യാംപസില്‍ ഒരു വിദ്യാര്‍ത്ഥിയെ പാട്ടുപാടാന്‍ നിര്‍ബന്ധിക്കുന്നതുപോലും റാഗിങ് പരിധിയില്‍ വരുന്ന നിയമങ്ങളാണു നിലവിലുള്ളത്. പുതിയതായി ക്യാംപസിലേക്കു വരുന്നവരെ സ്‌നേഹംകൊണ്ടും കരുതല്‍കൊണ്ടുമാണ് വ്യവസ്ഥിതിയുടെ ഭാഗമാക്കേണ്ടത്. അതാണ് ലോകമെങ്ങും അംഗീകരിച്ച മതം. ഇപ്പോഴും ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, എത്ര വിദ്യാഭ്യാസ ഔന്നത്യം ഉണ്ടായാലും റാഗിങ് എന്ന ആഭിചാരക്രിയ തുടരുകയാണ്. ദുര്‍മന്ത്രവാദവും അനാചാരവും പോലെ തുടച്ചുനീക്കേണ്ടതാണ് റാഗിങ് എന്ന ബോധം വിദ്യാഭ്യാസമുള്ളവര്‍ക്കെങ്കിലും എന്നാണ് ഉണ്ടാവുക?


റാഗിങ് എന്ന തുടച്ചുനീക്കേണ്ട കൊടിയ അനാചാരം


അമേരിക്കയില്‍ നിന്നു കയറ്റി അയച്ച നമ്മുടെ പൗരന്മാര്‍ക്കു മാത്രമായിരുന്നില്ല കൈകാലുകളില്‍ വിലങ്ങ്. കോട്ടയത്ത് സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിയുടെ കൈകാലുകളും ബന്ധിച്ചിരുന്നു. ചുറ്റും നിന്ന് ശരീരം കീറിമുറിക്കുമ്പോള്‍ അവര്‍ അട്ടഹസിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതുകേരളമാണോ എന്ന് തലയില്‍ കൈവയ്ക്കാനല്ലാതെ എന്തുകഴിയും. കോളജുകളില്‍ മാത്രമല്ല സ്‌കൂളുകളിലും ഈ ആചാരം നടക്കുന്നത് സമീപകാലത്ത് കണ്ടു. ഒരു വിദ്യാര്‍ത്ഥി ജീവനൊടുക്കുന്നതിനും നാട് സാക്ഷിയായി. പത്തുവര്‍ഷത്തിനിടെ യുജിസിക്കു മാത്രം കിട്ടിയത് എണ്ണായിരം റാഗിങ് പരാതികളാണ്. 2012ല്‍ നിന്ന് 2024 എത്തിയപ്പോഴേക്കും റാഗിങ് കേസുകളില്‍ 204 ശതമാനമാണ് വര്‍ധന. 2012ല്‍ 358 പരാതി മാത്രമായിരുന്നെങ്കില്‍ 2022ല്‍ 1103 പരാതികള്‍ ലഭിച്ചു. 78 വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിനെ തുടര്‍ന്ന് കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തു. റാഗിങ് നടന്നാല്‍ ആദ്യവും അവസാനവും ഉത്തരവാദിത്തം ആ സ്ഥാപനത്തിനാണ്. യുജിസി നിയമവും സുപ്രീം കോടതി മാര്‍ഗനിര്‍ദേശവും കേന്ദ്ര മനുഷ്യവിഭവ ശേഷി മന്ത്രാലയ ചട്ടങ്ങളും എല്ലാം അനുസരിച്ച് റാഗിങ് തടയേണ്ടത് അതത് സ്ഥാപനങ്ങളാണ്.

എത്ര കോളജിലുണ്ട് റാഗിങ് വിരുദ്ധ സമിതി?


ഒടുവില്‍ വിവാദത്തിലായ കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ ഉള്‍പ്പെടെ പല കോളജുകളിലും സജീവമായ റാഗിങ് വിരുദ്ധ സമിതിയില്ല. പരാതി ലഭിക്കുമ്പോള്‍ അല്ലാതെ ഒന്നിച്ചിരുന്ന് സ്ഥിതി ചര്‍ച്ച ചെയ്യാന്‍ സംവിധാനമില്ല. കോളജിലേക്ക് ഒരു പുതിയ ബാച്ച് വരുമ്പോള്‍ അവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് റാഗിങ് വിരുദ്ധ സമിതിയുടെ ഉത്തരവാദിത്തമാണ്. സീനിയേഴ്‌സിന് മുന്നറിയിപ്പു നല്‍കുക, ജൂനിയേഴ്‌സിനു കൗണ്‍സലിങ് നല്‍കുക, ക്ലാസ് ഇടവേളകളില്‍ ക്യാംപസില്‍ റോന്ത് ചുറ്റുക, ഹോസ്റ്റലുകളില്‍ പുതിയ ബാച്ചുകള്‍ എത്തുന്ന സമയത്ത് സുരക്ഷ ഒരുക്കുക എന്നിവയെല്ലാം റാഗിങ് വിരുദ്ധ സമിതിയുടെ ഉത്തരവാദിത്തമാണ്. റാഗിങ് വിരുദ്ധ സമിതി എന്നാല്‍ ഇന്റേണല്‍ കംപ്‌ളയിന്റ് കമ്മിറ്റികള്‍ പോലെ പരാതി സ്വീകരിക്കാനുള്ള വെറും സമിതികള്‍ അല്ല. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായോ അല്ലാതെയോ പുതുതായി എത്തുന്നവരുടെ യോഗം വിളിക്കുന്നതു തടയേണ്ടതും റാഗിങ് വിരുദ്ധ സമിതിയാണ്. പ്രവേശനോത്സവം എന്ന പേരില്‍ പല കോളജുകളിലും നടക്കുന്നത് കൊടിയ പീഡനമാണ്. പല തലങ്ങളിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുവരുന്നവരാണ് പുതിയ കുട്ടികള്‍. ആശങ്കപ്പെട്ടു നില്‍ക്കുന്നവരോട് പാട്ടുപാടാന്‍ പറയുന്നതു പോലും പീഡയായി തോന്നാം. സ്വന്തം പാട്ടിനെ കുറിച്ച് അത്ര ആത്മവിശ്വാസമുള്ളവര്‍ മാത്രമാണ് പൊതു ഇടങ്ങളില്‍ പാടാന്‍ തയ്യാറാവുക. പലരും ഒരിക്കല്‍ പോലും സ്റ്റേജില്‍ കയറി പ്രസംഗിക്കുക പോലും ചെയ്യാത്തവരും ആകും. റാഗിങ് വഴി ഒരു വിദ്യാര്‍ത്ഥിക്കും ആത്മവിശ്വാസം ഉണ്ടാക്കാന്‍ കഴിയില്ല എന്നത് ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. മറിച്ച് ജീവിതം മുഴുവന്‍ അപകര്‍ഷത നിറഞ്ഞ് കഴിയേണ്ടിയും വരുന്നവരുണ്ട്. നാലുപേര്‍ മുന്നില്‍ വന്നാല്‍ ജീവിതകാലം മുഴുവന്‍ മുട്ടുവിറയ്ക്കുന്നവരെ സൃഷ്ടിക്കുകയാണ് റാഗിങ് ഒരര്‍ത്ഥത്തില്‍ ചെയ്യുന്നത്.

വെടിയുണ്ടകള്‍ കൊണ്ട് റാഗിങ്



അസമില്‍ മൂന്നു വര്‍ഷം മുന്‍പു റാഗിങ്ങിനെ തുടര്‍ന്നു മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹത്തില്‍ വെടിയുണ്ടകള്‍ വരെ തറച്ചിരുന്നു. കഴുത്തില്‍ കുത്തേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ക്യാംപസുകളില്‍ ഇങ്ങനെ പലതും നടക്കുമ്പോഴും പരിധി വിട്ടൊന്നും കേരളത്തില്‍ സംഭവിക്കില്ല എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ തന്നെ ഇല്ലാതാക്കിയതാണ് കോട്ടയത്തേയും തിരുവനന്തപുരത്തേയും റാഗിങ്. സിദ്ധാര്‍ത്ഥന്റെ മരണം റാഗിങ് പരിധിയില്‍ ആണെങ്കിലും അല്ലെങ്കിലും നാട് ഇതുവരെ കേള്‍ക്കാത്ത ക്രൂരതയാണ് സംഭവിച്ചത്. യുജിസിക്കും ഉണ്ട് കോളജുകളിലെ റാഗിങ് തടയുന്നതില്‍ നിര്‍ണായക പങ്ക്. യുജിസി നിയമം 9 (4) അനുസരിച്ച് റാഗിങ് തടയാത്ത കോളജുകള്‍ക്കെതിരേ യുജിസിക്ക് നടപടി എടുക്കാം. ഒരു കോളജില്‍ റാഗിങ് നടന്നാല്‍ പ്രതികള്‍ മാത്രമല്ല കുറ്റക്കാര്‍, ആ കോളജ് കൂടിയാണ്. ആ ഒറ്റക്കാരണം കൊണ്ടു തന്നെ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ വരെ യുജിസിക്കു സാധിക്കും. ബന്ധപ്പെട്ട അധ്യാപകരെ ശിക്ഷിക്കാനും യുജിസിക്ക് അധികാരമുണ്ട്. പക്ഷേ, 2009ല്‍ ഈ നിയമം നിലവില്‍ വന്ന ശേഷം യുജിസി ഇതുവരെ ഒറ്റ സ്ഥാപനത്തിന് എതിരേ പോലും നടപടി എടുത്തിട്ടില്ല.

റാഗിങ് നടക്കുമ്പോള്‍ പൊലീസ് എവിടെ?



കേരളത്തില്‍ റാഗിങ് നടന്നാല്‍ അതു നടത്തിയവരുടെ സംഘടനാ ബന്ധം കണ്ടുപിടിച്ച് വിചാരണ ചെയ്യുന്നതില്‍ അവസാനിക്കുകയാണ് പ്രതിഷേധങ്ങള്‍. നരഹത്യാശ്രമം പോലെ മാനങ്ങളുള്ള കുറ്റമാണ് റാഗിങ്. ആത്മഹത്യാ പ്രേരണ പോലെയുള്ള വകുപ്പുകളും ചുമത്താവുന്ന കേസുകളാണ്. ജാമ്യമില്ലാതെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതുമാണ്. ഒരു ക്യാംപസില്‍ പൊലീസ് കയറണമെങ്കില്‍ സ്ഥാപന മേധാവി ആവശ്യപ്പെടണം എന്ന് പറയാറുണ്ട്. എന്നാല്‍ റാഗിങ് പോലെ നരഹത്യക്കും വധശ്രമത്തിനും തുല്യമായ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ പൊലീസിന് ഇടപെടാന്‍ ഒരു തടസ്സവുമില്ല. ഒരു നിയമവും പൊലീസിനെ വിലക്കുന്നുമില്ല. എന്നാല്‍ റാഗിങ് നടക്കുന്നത് അറിഞ്ഞാലും ഒരു പൊലീസും ഇടപെടാറില്ല. സ്ഥാപനം ആവശ്യപ്പെടാതെ തിരിഞ്ഞു നോക്കാറുമില്ല. ക്യാംപസില്‍ കയറുന്ന പൊലീസിനെ ആക്രമിക്കുന്ന വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യമൊക്കെ അട്ടത്തുവയ്ക്കുകയാണ് വേണ്ടത്. വിദ്യാര്‍ത്ഥികളുടെ വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഏതറ്റം വരെയും സംരക്ഷിക്കണം. സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പാക്കണം. പക്ഷേ, നാട്ടുനടപ്പാണെന്ന പേരില്‍ റാഗിങ് പോലുള്ള അനാചാരങ്ങളുമായി നടക്കുന്നവര്‍ താമസിക്കേണ്ടത് കോളജ് ഹോസ്റ്റലുകളിലല്ല, സെന്‍ട്രല്‍ ജയിലുകളിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com