SPOTLIGHT | ഹിന്ദുക്കള്‍ പിടിച്ചടക്കിയ ബോധഗയ തിരിച്ചുപിടിക്കുമോ ബുദ്ധന്മാര്‍?

കഴിഞ്ഞവര്‍ഷം മുതല്‍ നിവേദനങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നുണ്ടെങ്കിലും സത്യഗ്രഹത്തിലേക്ക് തിരിഞ്ഞത് ഇപ്പോഴാണ്. ഹിന്ദു ക്ഷേത്രത്തിനെതിരെ മറ്റേതെങ്കിലും വിഭാഗം ആദ്യമായി നടത്തുന്ന സമരവുമാണ് ബോധഗയയില്‍ കാണുന്നത്
SPOTLIGHT | ഹിന്ദുക്കള്‍ പിടിച്ചടക്കിയ ബോധഗയ തിരിച്ചുപിടിക്കുമോ ബുദ്ധന്മാര്‍?
Published on

രാജ്യ ചരിത്രത്തില്‍ അസാധാരണമായ ഒരു ആരാധനാലയ പ്രക്ഷോഭം നടക്കുകയാണ് ബോധഗയയില്‍. ഹിന്ദുക്കള്‍ പിടിച്ചടക്കിയ ആരാധനാലയം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ബുദ്ധസന്യാസിമാരാണ് സമരം ആരംഭിച്ചിരിക്കുന്നത്. ശ്രീബുദ്ധന്‍ ബോധോദയം നേടിയ ബോധഗയയില്‍ ആരാധനാലയത്തിന്റെ പൂര്‍ണ നിയന്ത്രണം വേണം എന്നാണ് ആവശ്യം. പ്രദേശം പൂര്‍ണമായും ബുദ്ധവിഹാരമാണെന്ന രേഖകളും ചരിത്ര തെളിവുകളുമായാണ് സമരം. രാജ്യത്തെ ഒരു ഹിന്ദു ആരാധനാലയത്തില്‍ അവകാശം പ്രഖ്യാപിച്ച് മറ്റൊരു മതം നടത്തുന്ന അസാധാരണ സമരമാണിത്. മുസ്ലിം പള്ളികള്‍ ഹിന്ദു ക്ഷേത്രങ്ങളാണെന്ന വാദവുമായി പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ ഹിന്ദുക്കള്‍ പ്രതിരോധത്തിലാകുന്ന ഏകയിടം.


ബോധഗയയില്‍ നിന്ന് ഇറങ്ങിപ്പോകുമോ ഹിന്ദുക്കള്‍?



അഖിലേന്ത്യ ബുദ്ധിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 100 സന്യാസിമാരാണ് ബോധഗയയില്‍ സത്യഗ്രഹം ഇരിക്കുന്നത്. ബോധഗയ ടെംപിള്‍ ആക്ട് പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം. ബുദ്ധരും ഹിന്ദുക്കളും തുല്യ അംഗങ്ങളായ ഭരണ സമിതിയാണ് ഇപ്പോള്‍ ബോധഗയയില്‍. ഈ എട്ടംഗ സമിതിയില്‍ മേലധികാരിയായി ജില്ലാ മജിസ്‌ട്രേറ്റുമുണ്ട്. എന്നാല്‍ സ്ഥിരമായി ഹിന്ദുക്കളാണ് ജില്ലാ മജിസ്‌ട്രേറ്റായി വരുന്നത് എന്നതിനാല്‍ ഭരണസമിതി ഹിന്ദു ഭൂരിപക്ഷമായി. ഇത് ബുദ്ധിസ്റ്റ് താല്‍പര്യങ്ങളെ ഹനിക്കുന്നു എന്നാണ് പ്രധാന പരാതി. ബോധഗയയിലെ ആരാധനാലയം പൂര്‍ണമായും ബുദ്ധര്‍ക്കു വിട്ടുകൊടുക്കുക, ഹിന്ദുവിഗ്രഹങ്ങള്‍ മാറ്റുക, ഭരണസമിതിയില്‍ പൂര്‍ണമായും ബുദ്ധിസ്റ്റുകള്‍ മാത്രമാവുക തുടങ്ങിയവയാണ് സന്യാസിമാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. നൂറ്റാണ്ടുകള്‍ നീളുന്ന ചരിത്രമുള്ള ബോധഗയയില്‍ നിന്ന് ഹിന്ദുക്കള്‍ പുറത്തുപോകണം എന്നാണ് ആവശ്യം. ബാബറി മസ്ജിദില്‍ നിന്നും വാരാണസി ഗ്യാന്‍വാപിയില്‍ നിന്നും മധുരയില്‍ നിന്നുമെല്ലാം മുസ്ലിങ്ങളെ പുറത്താക്കാനാണ് വിശ്വഹിന്ദുപരിഷത്തും ആര്‍എസ്എസും ബിജെപിയും സമരം നടത്തിയത്. ഇവിടെ ഹിന്ദുക്കളെ പുറത്താക്കാനാണ് ബുദ്ധരുടെ പ്രക്ഷോഭം.

ബുദ്ധ വിശ്വാസത്തിന്റെ ആണിക്കല്ല്


ബുദ്ധവിശ്വാസത്തിന്റെ ആണിക്കല്ലുകള്‍ നാലിടങ്ങളാണ്. ബുദ്ധന്‍ ജനിച്ച ലുംബിനി, ജ്ഞാനോദയം നേടിയ ബോധഗയ, ആദ്യ പ്രഭാഷണം നടത്തിയ സാരാനാഥ്, നിര്‍വാണം പ്രാപിച്ച കുശിനഗര്‍ എന്നിവയാണവ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടമായി കണക്കാക്കുന്നത് ബോധഗയയാണ്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അശോക ചക്രവര്‍ത്തിയാണ് ഇവിടെ ഉണ്ടായിരുന്ന ബോധി വൃക്ഷത്തില്‍ ആരാധന ആരംഭിച്ചതും ക്ഷേത്രം നിര്‍മിച്ചതും. അന്നു മുതല്‍ ബൗദ്ധകേന്ദ്രമായാണ് ബോധഗയ അറിയപ്പെടുന്നത്. സിഇ 629ല്‍ ബോധഗയ സന്ദര്‍ശിച്ച ഹുയാന്‍ സാങ് ക്ഷേത്രത്തെക്കുറിച്ച വിശദമായി എഴുതിയിട്ടുണ്ട്. ബുദ്ധക്ഷേത്രമാണെന്നും മറ്റ് ആരാധനകളൊന്നും പ്രദേശത്ത് ഇല്ലാ എന്നതിനും ബുദ്ധര്‍ ചൂണ്ടിക്കാണിക്കുന്ന പ്രധാന തെളിവ് ഇതാണ്. ഹര്‍ഷ വര്‍ദ്ധനനന്റെ ഭരണകാലത്താണ് ഹുയാന്‍ സാങ് ബോധഗയയില്‍ വരുന്നത്. അവിടെയെമ്പാടും കൊത്തിവച്ചിരിക്കുന്ന ബുദ്ധസൂക്തങ്ങളെക്കുറിച്ചു ഹുയാന്‍ സാങ് എഴുതിയിട്ടുണ്ട്. മൗര്യസാമ്രാജ്യത്തിന്റെ തിരിച്ചടിയുമായി ബന്ധപ്പെട്ടാണ് ആരാധനാലയത്തിന്റെ സ്വഭാവം മാറുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ ഖില്‍ജിയുടെ വരവോടെ ബുദ്ധര്‍ക്ക് ലഭിച്ചിരുന്ന സഹായങ്ങള്‍ നിലച്ചു. അക്ബറുടെ ഭരണകാലത്ത് 1590ല്‍ ആണ് ഇവിടെ ഹിന്ദുമഠം സ്ഥാപിക്കുന്നത്. അക്ബറാണ് അതിന് സൗകര്യം ചെയ്തുകൊടുത്തത്. ബോധഗയ മഠ് എന്നായിരുന്നു പേര്. അതോടെ ബുദ്ധ ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ നിയന്ത്രണം ഏറ്റെടുത്തു. ഹിന്ദു വിഗ്രഹങ്ങള്‍ എത്തിക്കുകയും ആരാധന തുടങ്ങുകയും ചെയ്തു. ഈ ഹൈന്ദവ ആരാധന അവസാനിപ്പിക്കണം എന്നാണ് ബുദ്ധ സന്യാസിമാരുടെ ഇപ്പോഴത്തെ ആവശ്യം.

ലാലു പ്രസാദ് യാദവ് കൊണ്ടുവന്ന നിയമം


ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആരാധനാലയം പൂര്‍ണമായും ബുദ്ധര്‍ക്ക് വിട്ടുകൊടുക്കാന്‍ നിയമം രൂപപ്പെടുത്തിയിരുന്നു. അതനുസരിച്ച് ഭരണം പൂര്‍ണമായും ബുദ്ധര്‍ക്കാകും. ക്ഷേത്രത്തില്‍ നിന്ന് ഹിന്ദു വിഗ്രഹങ്ങള്‍ മാറ്റും. ക്ഷേത്ര പരിസരത്ത് വിഗ്രഹാരാധാന നടത്തുന്നതു നിരോധിക്കാനുള്ള വകുപ്പ് പോലും ആ ബില്ലില്‍ ഉണ്ടായിരുന്നു. മാത്രമല്ല ക്ഷേത്രത്തിനുള്ളില്‍ ഹിന്ദുവിവാഹങ്ങള്‍ നടത്തുന്നത് നിരോധിക്കാനും ചട്ടം ഉണ്ടാക്കിയിരുന്നു. ആ ബില്ല് നിയമമാകുന്നതിനു മുന്‍പ് ലാലുപ്രസാദ് യാദവിന്റെ ഭരണം അവസാനിച്ചു. ബിജെപി പിന്തുണയോടെ മാറിമാറി നിതീഷ് കുമാര്‍ ഭരണം വന്നതോടെ ബില്ല് പൂര്‍ണമായും ശീതീകരണിയിലായി. നിലവില്‍ ആരാധനാലയത്തിന്റെ ഭരണം പൂര്‍ണമായും ഹിന്ദുവിഭാഗത്തിനാണ്. ഭരണസമിതിയില്‍ തുല്യ അംഗങ്ങളാണെങ്കിലും ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ജില്ലാ കലക്ടറാണ് സ്ഥിരമായി നിയമിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ തീരുമാനങ്ങളെല്ലാം ഹിന്ദുവിഭാഗത്തിന് അനുകൂലമാകുന്നുവെന്നാണ് പരാതി. കഴിഞ്ഞവര്‍ഷം മുതല്‍ നിവേദനങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നുണ്ടെങ്കിലും സത്യഗ്രഹത്തിലേക്ക് തിരിഞ്ഞത് ഇപ്പോഴാണ്. ഹിന്ദു ക്ഷേത്രത്തിനെതിരെ മറ്റേതെങ്കിലും വിഭാഗം ആദ്യമായി നടത്തുന്ന സമരവുമാണ് ബോധഗയയില്‍ കാണുന്നത്.


രാജ്യമെങ്ങു നിന്നും സമരത്തിനായി ബുദ്ധര്‍


ബോധഗയ ഇപ്പോള്‍ അസാധാരണ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രാജ്യമെങ്ങു നിന്നും നൂറുകണക്കിനു ബുദ്ധരാണ് ദിവസവും ബോധഗയയില്‍ എത്തുന്നത്. ഈ വരവ് ഇപ്പോള്‍ തീര്‍ത്ഥാടനത്തിനല്ല, പ്രക്ഷോഭത്തിനാണ്. ബോധഗയയുടെ നിയന്ത്രണം ആവശ്യപ്പെട്ട് അങ്ങ് ചൈനീസ് അതിര്‍ത്തിയായ ലഡാക്ക് മുതല്‍ മുംബൈയിലും മൈസൂരുവിലും വരെ പ്രകടനങ്ങള്‍ നടക്കുകയാണ്. 2011ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് 84 ലക്ഷം ബുദ്ധരാണുള്ളത്. മറ്റ് മതവിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി ബുദ്ധ മതത്തിലെ എല്ലാവരും സജീവസന്നദ്ധപ്രവര്‍ത്തകര്‍ കൂടിയാണ്. ഇവരെല്ലാവരും പ്രതിഷേധത്തിലേക്ക് ഇറങ്ങുന്ന സ്ഥിതിവരും എന്നാണ് ബുദ്ധിസ്റ്റ് ഫോറം നല്‍കുന്ന മുന്നറിയിപ്പ്. സമീപകാലത്ത് ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം ഹിന്ദു ആരാധനാ രീതിയിലേക്കു മാറ്റാന്‍ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു പിന്നില്‍. ബുദ്ധമത വിശ്വാസികളുടെ ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമം എന്നാണ് പരാതി. ബുദ്ധ ആരാധനകളും അടയാളങ്ങളും എഴുത്തുകളുമെല്ലാമുള്ള, പ്രത്യക്ഷത്തില്‍ തന്നെ ബുദ്ധവിഹാരമായ പ്രദേശം തിരിച്ചുപിടിക്കാനാണ് ബുദ്ധസന്യാസിമാരുടെ പ്രക്ഷോഭം. എല്ലാവര്‍ക്കും അഭികാമ്യമായ ഒരു തീര്‍പ്പ് സാധ്യമല്ല എന്നതാണ് ഇതുയര്‍ത്തുന്ന പ്രതിസന്ധി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com