
വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ രാധയെ കടുവ ആക്രമിച്ചുകൊന്നു. രാധ കാടുകയറാന്‍ പോയതല്ല. പുരയിടത്തില്‍ കാപ്പിക്കുരു പറിക്കുകയായിരുന്നു. ഇങ്ങനെ എത്രപേരാണ് സമീപകാലത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈഹക്കണക്കുകള്‍ ഇല്ലാതെ ആ കൃത്യമായ കണക്ക് ന്യൂസ് മലയാളം പ്രേക്ഷകര്‍ക്കു മുന്നില്‍ വയ്ക്കുകയാണ്. 979 മനുഷ്യരാണ് കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 8,728 മനുഷ്യര്‍ക്ക് പരിക്കേറ്റു. 4,824 കാലികള്‍ കൊല്ലപ്പെട്ടു. കൃഷിയും വീടും കടകളും ആക്രമിക്കപ്പെട്ടത് അന്‍പതിനായിരം തവണയാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 98 ലക്ഷം കോടി രൂപയാണ് നഷ്ടപരിഹാരം മാത്രമായി നല്‍കിയത്. അതിന്റെ മൂന്നിലൊന്നായ 33 കോടി രൂപ മാത്രമാണ് വന്യജീവി ആക്രമണം തടയാനുള്ള പ്രവൃത്തികള്‍ക്കായി മുടക്കിയിട്ടുള്ളത്.
കടുവകള്‍ കാടിറങ്ങുമ്പോള്‍ മനുഷ്യനു കാവലാര്?
വന്യജീവി ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് 2016ലും 2018ലുമാണ്. 2016ല്‍ 145 പേരും 2018ല്‍ 146 പേരും. ഓരോ വര്‍ഷത്തേയും മരണത്തിന്റെ ആ എണ്ണം ഞെട്ടിക്കുന്നതാകും അലോസരപ്പെടുത്തുന്നതുമാണ്. 2017ല്‍ 119, 2019- 92, 2020- 88, 2021- 114, 2022-98, 2023-94 എന്നിങ്ങനെ ഈ വര്‍ഷം ഇതുവരെ 84 പേരും. വന്യജീവി ആക്രമണം ഒറ്റപ്പെട്ട സംഭവമേയല്ല എന്നതിന് ഇതലപ്പുറം ഒരു തെളിവ് ആവശ്യമില്ല. കഴിഞ്ഞവര്‍ഷം പറഞ്ഞത് കനത്ത ചൂട് മൂലം കാട്ടില്‍ വെള്ളമില്ലാതായി. അതിനാല്‍ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി എന്നാണ്. 2016 മുതലുള്ള ഈ കണക്കുകള്‍ എടുത്താല്‍ ഒരു കാര്യം വ്യക്തമാകും. വന്യജീവി ആക്രമണത്തിന് വേനലുമായോ ജലക്ഷാമവുമായോ നേരിട്ട് ബന്ധമില്ല. കനത്ത മഴപെയ്ത് എമ്പാടും വെള്ളമുണ്ടായിരുന്ന 2018ലും 92 മനുഷ്യര്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈ കണക്കില്‍ അവസാനമുണ്ടായ മരണങ്ങളെല്ലാം നോക്കുക. കോതമംഗലത്ത് പുരയിടത്തിലൂടെ നടന്ന വയോധികയാണ് കൊല്ലപ്പെട്ടത്. ആക്രമിച്ചത് ആനയായിരുന്നു. വയനാട്ടില്‍ കാപ്പിക്കുരു പറിക്കുമ്പോഴാണ് രാധ കൊല്ലപ്പെട്ടത്. കടുവ ആ പ്രദേശത്തു തന്നെ പിന്നെയും വട്ടംകറങ്ങി. ഈ വര്‍ഷം തന്നെ കടുവ ഇറങ്ങിയ സംഭവങ്ങള്‍ അന്‍പതോളം വരും.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ ഇങ്ങനെ:
പരുക്കേല്‍ക്കുന്നവരും നഷ്ടപരിഹാരവും
979 എന്നത് ജീവന്‍ പോയവരുടെ മാത്രം എണ്ണമാണ്. വന്യജീവി ആക്രമണങ്ങളില്‍ ഇക്കാലത്ത് പരിക്കേറ്റത് 8728 പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു പരിക്കേറ്റത്. 1603 പേര്‍ക്കാണ് കേരളത്തില്‍ 2023-24 വര്‍ഷം വന്യജീവി ആക്രമണങ്ങളില്‍ പരുക്കേറ്റത്. 2022ല്‍ 1275 പേര്‍ക്കും. ഈ വര്‍ഷം ഇതുവരെ 995 പേര്‍ക്കു പരിക്കേറ്റു. ഓരോ വര്‍ഷത്തേയും പരിക്കേറ്റവരുടെ എണ്ണം നോക്കുക. 798, 846, 765, 699, 988, 758, 1275, 1603, 995 എന്നിങ്ങനെ. കോവിഡ് ലോക്ഡൗണ്‍ സമയത്ത് മാത്രമാണ് പരുക്കേറ്റവരുടെ എണ്ണം അല്‍പ്പം താഴ്ന്നു നിന്നത് എന്നും കാണാം. ഇതേകാലയളവില്‍ 4824 കാലികള്‍ക്ക് ജീവഹാനിയുണ്ടായി. ഇത്രയേറെ മരണവും പരിക്കും ഉണ്ടായിട്ടും സര്‍ക്കാര്‍ എത്ര രൂപ നഷ്ടപരിഹാരം നല്‍കുന്നു. നേരത്തെ കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരം നല്‍കിയിരുന്നത്. ഇപ്പോഴത് 10 ലക്ഷം രൂപയാക്കി. ഒരു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തുക കൂടി ചേര്‍ത്താണ് 11 ലക്ഷം രൂപ രാധയുടെ ആശ്രിതര്‍ക്കു നല്‍കും എന്ന് സര്‍ക്കാര്‍ അറിയിച്ചത്. 979 മരണങ്ങള്‍ക്കു മാത്രം സര്‍ക്കാര്‍ 27 കോടി 21 ലക്ഷത്തി നാല്‍പ്പത്തിയൊന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കി കഴിഞ്ഞു. പരുക്കേറ്റവര്‍ക്ക് 24 കോടി ഏഴു ലക്ഷത്തി ഏഴായിരം രൂപയും. കൃഷി നഷ്ടവും വസ്തുനഷ്ടവും ഉള്‍പ്പെടെ ആകെ 98 കോടി 28 ലക്ഷത്തി തൊണ്ണൂറ്റുമൂവായിരം കോടി രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കി കഴിഞ്ഞത്. അങ്ങനെയെങ്കില്‍ പ്രതിരോധത്തിനായി സര്‍ക്കാര്‍ എത്ര ചെലവഴിച്ചു? ആ തുക പര്യാപ്തമാണോ?
പരിക്കേറ്റവര്‍
2016-17 798
2017-18 846
2018-19 765
2019-20 699
2020-21 988
2021-22 758
2022-23 1275
2023-24 1603
2024-25 995
ഏറ്റുമുട്ടല്‍ തടയാന്‍ ഇതുമതിയോ?
സൗരോര്‍ജ വേലിക്കും ആനക്കിടങ്ങിനുമാണ് വനംവകുപ്പ് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചിരിക്കുന്നത്. കിഫ്ബി വഴി 100 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും ഇതുവരെ പൂര്‍ണ പ്രവൃത്തിപഥത്തില്‍ എത്തിയിട്ടില്ല. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ സൗരോര്‍ജ വേലി സ്ഥാപിക്കാന്‍ 21 കോടി 24 ലക്ഷം രൂപയും ആനക്കിടങ്ങിന് ആറു കോടി 50 ലക്ഷം രൂപയും മുടക്കി. നാലു കോടി രൂപയുടെ സൗരോര്‍ജ തൂക്കുവേലിയും സ്ഥാപിച്ചു. ഇങ്ങനെ ആനപ്രതിരോധ മതില്‍, കല്‍മതില്‍, ചുറ്റുമതില്‍, ഇരുമ്പുവേലി എന്നിങ്ങനെ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആകെ മുടക്കിയത് 33 കോടി 19 ലക്ഷം രൂപ മാത്രമാണ്. ആറു വര്‍ഷത്തെ കണക്കാണ് ഇത്. ഒരു വര്‍ഷം ശരാശരി അഞ്ചു കോടി രൂപ. അതിന്റെ മൂന്നും നാലും മടങ്ങാണ് നഷ്ടപരിഹാരമായി നല്‍കേണ്ടിവരുന്നത്. പ്രതിരോധ പ്രവര്‍ത്തനത്തിന് മുടക്കുന്നതിന്റെ പലമടങ്ങ് നഷ്ടപരിഹാരം നല്‍കേണ്ടി വരുന്ന മറ്റൊരു മേഖലയും ഇല്ല എന്നു തന്നെ പറയാം.
എന്താണ് വനംവകുപ്പ് ചെയ്യുന്നത്?
കേരളത്തിലെ വനാതിര്‍ത്തിയുടെ നീളം 16,846 കിലോമീറ്ററാണ്. വനംവകുപ്പിന്റെ കണക്ക് അനുസരിച്ച് ഇതില്‍ 5291 കിലോമീറ്റര്‍ ദൂരത്തില്‍ സംരക്ഷണ സംവിധാനം ആവശ്യമില്ല. സ്വാഭാവികമായി സംരക്ഷിക്കപ്പെടുന്ന സ്ഥലമാണ്. ശേഷിക്കുന്നത് 11,554 കിലോമീറ്റര്‍. ഇതില്‍ 10,671 കിലോമീറ്ററും വനാതിര്‍ത്തി നിര്‍ണയിച്ച് ജണ്ട കെട്ടി എന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. ജണ്ട കെട്ടാന്‍ ശേഷിക്കുന്നത് 883 കിലോമീറ്റര്‍ മാത്രമാണെന്നും രേഖകള്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നത് ഈ ജണ്ട കെട്ടി എന്നു പറയുന്ന മേഖലകളിലൂടെയാണ്. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമല്ലാത്തതും പ്രവൃത്തിക്കു ഗുണനിലവാരം ഇല്ലാത്തതുമാണ് ഇതിനു കാരണം. അത് ഓരോ ആക്രമണം ഉണ്ടാകുമ്പോഴും പകല്‍പോലെ വ്യക്തമാണ്. കാട്ടുകള്ളന്മാരേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ കാട്ടുപദ്ധതികളില്‍ കൊള്ള നടത്തുന്നവരാണുള്ളത്. വനാതിര്‍ത്തികളില്‍ സ്ഥാപിച്ചു എന്നു പറയുന്ന സോളാര്‍ വേലിയും തൂക്കുവേലിയുമൊക്കെ ആന നശിപ്പിച്ചു എന്ന ഒറ്റവാചകത്തില്‍ അപ്രത്യക്ഷമാകും. ആനക്കിടങ്ങൊക്കെ മണ്ണ് തട്ടിയിട്ട് നികത്തുന്ന ആനകളുണ്ടെന്നാണ് വനംവകുപ്പ് രേഖകള്‍ പറയുന്നത്. നിര്‍മിച്ചു എന്നു പറയുന്ന സ്ഥലങ്ങളില്‍ മണ്ണ് ഇളകിയ ലക്ഷണം പോലുമില്ലാതെ മൂടിക്കളഞ്ഞു എന്നൊക്കെയാണ് എഴുതിവച്ചിരിക്കുന്നത്.
സംസ്ഥാന ദുരന്തമായിട്ടും എന്താണ് നടപടി?
വന്യജീവി ആക്രമണം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത് കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ്. ഇതനുസരിച്ച് സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും ഡിവിഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളും തുടങ്ങി. പക്ഷേ, ഇവയ്ക്കു വേണ്ടി പുതിയതായി ഒരു വണ്ടിയോ വയര്‍ലെസ് സെറ്റോ പോലും നല്‍കിയിട്ടില്ല. നിലവിലുണ്ടായിരുന്ന സംവിധാനം പുതിയ പേരില്‍ സ്ഥാപിച്ചു എന്നതിനപ്പുറം അധികതുക നീക്കിവച്ചില്ല. പൊലീസ് റോന്ത് ചുറ്റുന്നതുപോലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രികാല റോന്ത് ആരംഭിക്കും എന്നൊക്കെ പ്രഖ്യാപിച്ചിരുന്നു. നാട്ടുകാര്‍ ആരും ഇവരെ ഒരിടത്തും ഒരു രാത്രിയിലും കണ്ടിട്ടില്ല. വന്യജീവി ആക്രമണം കേരളത്തിലെ മാത്രം പ്രശ്‌നമല്ല. ലോകമെങ്ങുമുണ്ട്. അതു നേരിടാന്‍ ഇപ്പോള്‍ റോന്ത്ചുറ്റുന്ന വനപാലകരെ അല്ല ഉപയോഗിക്കുന്നത്. സാര്‍വത്രികമായി ഡിജിറ്റല്‍ മതിലുകള്‍ നിര്‍മിക്കുകയാണ്. പതിനാറായിരം കിലോമീറ്റര്‍ വനാതിര്‍ത്തിയുള്ള കേരളത്തില്‍ അത്രയും ദൂരത്തില്‍ ഡിജിറ്റല്‍ മതില്‍ ഉണ്ടാകണം. ഈ മിതിലിനു പരിസരത്ത് ഏതു വന്യജീവി വന്നാലും ആ നിമിഷം മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനം ഉണ്ടാകണം. അത്യാധുനിക ആനിമല്‍ അലേര്‍ട്ട് സിസ്റ്റം ലോകമെങ്ങും പ്രയോജനപ്പെടുത്തുന്നുണ്ട്. അതിര്‍ത്തിയില്‍ എത്തുമ്പോള്‍ മാത്രമല്ല, രണ്ടുകിലോമീറ്റര്‍ പരിധിയില്‍ എത്തുമ്പോള്‍ തന്നെ മുന്നറിയിപ്പ് നല്‍കാന്‍ ഇതിലൂടെ കഴിയും. വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ ഫോണുകളിലേക്കാണ് ഈ മുന്നറിയിപ്പ് എത്തേണ്ടത്. ഒന്നോ രണ്ടോ ക്യാമറാ ട്രാപ്പുകള്‍ കൊണ്ട് മനുഷ്യരേയും വന്യജീവികളേയും സംരക്ഷിക്കാന്‍ കഴിയില്ല. അതിന് ഒരു കിലോമീറ്റര്‍ വനാതിര്‍ത്തിയില്‍ ഒന്ന് എന്ന നിലയ്ക്ക് എങ്കിലും സ്ഥാപിക്കേണ്ടി വരും. വനപാലകരുടെ റോന്ത് ഇല്ലാതെ തന്നെ സംഭവിക്കുന്നത് എന്താണെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സ്വന്തം ഓഫിസില്‍ ഇരുന്ന് അറിയാനും കഴിയും. ഇങ്ങനെയൊക്കെയാണ് ലോകം ഇപ്പോള്‍ വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നത്. കേരളവും ഉയരേണ്ടത് ആ നിലവാരത്തിലേക്കാണ്. അതിനു പണം വേണം. പണം വേണമെങ്കില്‍ കേന്ദ്രം കനിയണം. കാടിറക്കത്തിന് അതിരിടാന്‍ കേന്ദ്രം കനിയുമോ എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.