IMPACT| ആഴക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം; പരിശോധന കർശനമാക്കണം, കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാർഡ്, നേവി, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അടിയന്തരയോഗം വിളിച്ചു ചേർത്തു. നിയമലംഘനം തടയാൻ എന്ത് ചെയ്യാനാകും എന്ന കാര്യം യോഗത്തിൽ ചർച്ചയായി.
IMPACT| ആഴക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം; പരിശോധന കർശനമാക്കണം, കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ
Published on

ആഴക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. 12 നോട്ടിക്കൽ മൈലിനപ്പുറമുള്ള സമുദ്ര പരിധിയിൽ പരിശോധന കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ചു. എക്സ്ക്ലൂസീവ് എക്കണോമിക് സോണിൽ പരിശോധനയ്ക്കായി കേന്ദ്ര നിയമം കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ആവശ്യമെങ്കിൽ കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ടിൽ മാറ്റങ്ങൾ വരുത്തുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ന്യൂസ് മലയാളം ബിഗ് ഇംപാക്ട്.

കേരള തീരത്തെ മത്സ്യസമ്പത്തിനെ തന്നെ ഇല്ലാതാക്കുന്ന തരത്തിൽ ആഴക്കടലിൽ അശാസ്ത്രീയ മത്സ്യബന്ധനം നടക്കുന്നുവെന്ന വാർത്ത ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. പിന്നാലെ ഫിഷറീസ് വകുപ്പ്, കോസ്റ്റ് ഗാർഡ്, നേവി, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അടിയന്തരയോഗം വിളിച്ചു ചേർത്തു. നിയമലംഘനം തടയാൻ എന്ത് ചെയ്യാനാകും എന്ന കാര്യം യോഗത്തിൽ ചർച്ചയായി.


കടലിൽ കേന്ദ്ര പരിധിയായ 12 നോട്ടിക്കൽ മൈൽ മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള എക്സ്ക്ലൂസീവ് എക്കണോമിക് സോണിൽ പരിശോധനയ്ക്കായി കേന്ദ്ര നിയമം കൊണ്ടു വരണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാരിന് ഫിഷറീസ് വകുപ്പ് കത്തയച്ചത്. കടലിന്റെ ആവാസവ്യവസ്ഥക്കും, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും വെല്ലുവിളിയാകുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന എൻഫോഴ്സ്മെൻ്റുകളെ ഏകോപിപ്പിച്ച് പരിശോധന ശക്തമാക്കാനും തീരുമാനമായി.

അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളിൽ പരിശോധന കർശനമാക്കാൻ തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളോടും കേരളം ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ടിൽ വേണ്ട മാറ്റങ്ങൾ വരുത്താനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം. നിയമലംഘകരുടെ രജിസ്ട്രേഷൻ നമ്പർ ഉൾപ്പെടെ ഫിഷറീസ് വകുപ്പിന് കൈമാറാൻ മന്ത്രി നിർദ്ദേശം നൽകി. നിയമലംഘനം ആവർത്തിക്കുന്ന ബോട്ടുകൾ കണ്ടുകെട്ടി രജിസ്ട്രേഷൻ റദ്ദാക്കുകയും, ജയിൽ ശിക്ഷ ഉറപ്പാക്കുന്നതടക്കുമുള്ള നടപടികളുമുണ്ടാകും.


കടലിനു പുറമേ കരയിലും പരിശോധന കർശനമാക്കാനാണ് തീരുമാനം. ഹാർബറിൽ നിന്നും പുറപ്പെടുന്ന എല്ലാ ബോട്ടുകളിലും പരിശോധന നടത്തും. അശാസ്ത്രീയ മത്സ്യബന്ധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മത്സ്യ തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണം നടത്താനൊരുങ്ങുകയാണ് ഫിഷറീസ് വകുപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com