ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്ന തരത്തിലുള്ള മാധ്യമ ഭാഷയിൽ മാറ്റം വരുത്തണമെന്ന് വനിതാ കമ്മീഷൻ. 'വളയിട്ട കൈകളിൽ വളയം ഭദ്രം’ പോലെയുള്ള തലക്കെട്ടുകൾ ഒഴിവാക്കണമെന്നും കമ്മീഷൻ്റെ നിർദ്ദേശിച്ചു. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിതത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ശുപാര്‍ശകള്‍ സഹിതം ഇക്കാര്യം കമ്മീഷൻ സര്‍ക്കാരിന് സമര്‍പ്പിച്ചു.
ലിംഗസമത്വത്തില്‍ അധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങളുടെ ഉപയോഗത്തിനും ഇത് ലഭ്യമാക്കണമെന്നും വനിതാ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. 'വളയിട്ട കൈകളില്‍ വളയം ഭദ്രം’ പോലെ ഏത് തൊഴിലായാലും സ്ത്രീകള്‍ രംഗത്തേക്ക് വരുമ്പോള്‍ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകള്‍ ഒഴിവാക്കുക. ജോലിയില്ലാത്ത സ്ത്രീകളെ 'വീട്ടമ്മ' എന്ന് വിളിക്കുന്ന മാധ്യമ ഭാഷയിൽ മാറ്റം വരുത്തുക. സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ കുഴപ്പത്തിലാവുമ്പോള്‍ ‘പെണ്‍ബുദ്ധി പിന്‍ബുദ്ധി’ തുടങ്ങിയ പ്രയോഗം, ‘പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള അവതരണം തുടങ്ങിയവ തിരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.
Also Read: "നടന്മാർക്കെതിരായ പരാതി പിൻവലിക്കില്ല, അന്വേഷണത്തിൽ എസ്ഐടിയുമായി സഹകരിക്കും"; നിലപാട് മാറ്റി നടി
ഭാഷാ വിദഗ്ധന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷരും അംഗങ്ങളായ സമിതി രൂപവല്‍ക്കരിച്ച് ആറ് മാസത്തിനകം ശൈലീപുസ്തകം തയ്യാറാക്കണം. സമിതിയിലെ വിദഗ്ധര്‍ കഴിയാവുന്നത്ര സ്ത്രീകള്‍ ആയിരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.