
മലപ്പുറം മുൻ എസ്‌പി സുജിത് ദാസിനെതിരായ മരംമുറി പരാതിയിൽ എസ്‌ഐ എൻ. ശ്രീജിത്തിൻ്റെ മൊഴിയെടുക്കും. മൊഴിയെടുപ്പിനായി ശ്രീജിത്തിനെ തൃശൂർ ഡിഐജി തോംസൺ ജോസ് വിളിപ്പിച്ചു. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകൾ ഡിഐജിക്ക് കൈമാറണമെന്നാണ് ശ്രീജിത്തിന് ലഭിച്ച നിർദേശം. തിങ്കളാഴ്ച തൃശൂർ ഡിഐജി ഓഫീസിൽ നേരിട്ട് എത്തിയാണ് ശ്രീജിത്ത് മൊഴി നൽകുക. ശ്രീജിത്ത് നൽകിയ പരാതി ഉന്നയിച്ചായിരുന്നു പി.വി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം.
മലപ്പുറം എസ്‌പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി. ഈ വാദം ശരിവെച്ച് ബന്ധപ്പെട്ട രേഖകൾ പി.വി. അൻവർ എംഎൽഎ പുറത്തുവിട്ടിരുന്നു. പൊലീസ് ക്യാമ്പ് ഓഫീസിലെ മരങ്ങൾ വില കുറച്ച് വിറ്റതിൻ്റെ രേഖകളാണ് പുറത്തുവിട്ടത്. 2020 ജനുവരി 21ന് സോഷ്യൽ ഫോറസ്ട്രി ഒരു തേക്കിനും, മറ്റു രണ്ട് മരങ്ങളുടെ ശിഖരങ്ങൾക്കുമായി 51,533 രൂപ വിലയിട്ടിരുന്നു. മൂന്ന് വർഷത്തിന് ശേഷം, 2023 ജൂൺ 7ന് ഇതേ മരങ്ങൾ 20,500 രൂപക്ക് വിറ്റു.
മുൻ എസ്‌പി സുജിത് ദാസായിരുന്നു കുറഞ്ഞ വിലയ്ക്ക് മരങ്ങൾ ലേലം ചെയ്തതായി രേഖയിൽ ഒപ്പുവെച്ചത്. സോഷ്യൽ ഫോറസ്ട്രി നിശ്ചയിച്ച വിലയ്ക്ക് നാല് തവണ മരം ആരും ഏറ്റെടുത്തില്ല. അഞ്ചാം തവണ വില കുറച്ച് നൽകിയപ്പോഴാണ് മരം വിൽപ്പന നടത്താനായതെന്നും പി.വി. അൻവർ പുറത്തുവിട്ട രേഖകളിൽ പറയുന്നു.
പി.വി അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് സുജിത് ദാസ് സസ്‌പെന്‍ഷനിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. നേരത്തേ പത്തനംതിട്ട എസ്പി സ്ഥാനത്തു നിന്ന് സുജിത് ദാസിനെ നീക്കം ചെയ്തിരുന്നു.
പി.വി അന്‍വറിനോടുള്ള ഏറ്റുപറച്ചിലില്‍ സുജിത് ദാസിനെതിരെ നടപടിയുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഡിഐജി അജിത ബീഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുജിത് ദാസിന്റെ പ്രവര്‍ത്തി സര്‍വീസ് ചട്ടം ലംഘിച്ചാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതി പിന്‍വലിക്കാന്‍ എംഎല്‍എയോട് പറഞ്ഞത് തെറ്റാണെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.